ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കി കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ്
1529948
Wednesday, March 5, 2025 12:04 AM IST
ചേര്‍ത്തല: ലഹരിക്കെതിരേ കേരളമൊന്നാകെ ഒന്നിക്കുമ്പോൾ വർഷങ്ങൾക്കു മുമ്പേ ഇതിനെതിരേ പ്രവർത്തിക്കുകയും പ്രാർഥിക്കുകയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന തീരദേശത്തെ ഒരു കൂട്ടായ്മയുണ്ട്, അര്‍ത്തുങ്കല്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കന്ന കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷൻ.
‘ലഹരിയോട് വിട ചൊല്ലാം, ആത്മീയ ലഹരിയിലേക്കു മടങ്ങാം’ എന്ന സന്ദേശവുമായി തീരദേശം കേന്ദ്രീകരിച്ച് നിരവധി ബോധവത്കരണ പരിപാടികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഗാനശുശ്രൂഷ, സ്കിറ്റ് എന്നിവയിലൂടെ ലഹരിയുടെ ദൃശ്യവശങ്ങളുടെ നേർക്കാഴ്ച ജനങ്ങളിലേക്ക് എത്തിക്കാൻ കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്റ് തീരദേശ മിഷന് കഴിഞ്ഞു. 2023 ഒക്ടോബർ 14 മുതൽ നവംബർ 19 വരെ ഫോർട്ടുകൊച്ചി മുതൽ - അമ്പലപ്പുഴ അറപ്പക്കൽ വരെ ബോധവത്കരണ സന്ദേശയാത്ര നടത്തിയത് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ യുവജനപങ്കാളിത്വ ത്തോടെ ബോധവത്കരണവും ഇരുചക്രവാഹന സന്ദേശ ശാലിയും നടത്തി.
ഇപ്പോൾ ക്ലെസിസ് എന്ന പ്രോഗ്രാമിലൂടെ ഗാനശുശ്രൂഷ, കുട്ടികളുടെ നൃത്താവതരണം, സ്കിറ്റ്, കുട്ടികളുടെ വചനസന്ദേശം ഉൾപ്പെടുത്തി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമായി പള്ളിപ്പെരുന്നാൾ ദിനങ്ങളിൽ, ആഘോഷ കൂട്ടായ്മകളിൽ, സൺഡേ സ്കൂളുകളിൽ, തെരുവോരങ്ങളിൽ ലഹരിക്കെതിരേ ജനങ്ങളില്‍ ബോധവത്കരണം നടത്തിവരുന്നു.
മദ്യലഹരിയിൽനിന്ന് പിന്മാറിയ പലരും ഇന്ന് മിഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. മിഷന്റെ ആത്മീയ ഉപദേഷ്ടാവ് മോൺ. ആന്റണി കൊച്ചുകരിയിൽ, ആനിമേറ്റർ ഫാ. മാനുവൽ കരിപ്പോട്ട്, കോ-ഓർഡിനേറ്റർ സാബു കാക്കരിയിൽ, സെക്രട്ടറി കെ.ഡി. ജോർജ്, മാനേജർ കുഞ്ഞുകുഞ്ഞ് കുട്ടിച്ചിറ എന്നിവരും ഫ്രാൻസിസ് പൊക്കത്തെ, കുഞ്ഞുമോൾ ബെന്നി, ഉല്ലാസ് ഒറ്റമശേരി, അന്ന മറിയം ബെന്നി, കുഞ്ഞുമോൻ, പാപ്പച്ചൻ, ബാബു, സന്തോഷ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.
രണ്ടാം ക്ലാസ് വിദ്യാർഥി മുതൽ 80 വയസ് പ്രായമുള്ളവർ വരെ അണിനിരക്കുന്ന തീരദേശ മിഷൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത സിനഡൽ കൂട്ടായ്മയായി പ്രവർത്തിക്കുന്നു.