വേനൽ മഴ; അപ്പർ കുട്ടനാട്ടിൽ വ്യാപകമായി നെൽച്ചെടികൾ നിലംപതിച്ചു
1529945
Wednesday, March 5, 2025 12:04 AM IST
ഹരിപ്പാട്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപകമായി നെൽച്ചെടികൾ നിലം പതിച്ചു. അപ്പർ കുട്ടനാട്ടിലെ ചെറുതന വീയപുരം, തുടങ്ങിയ കൃഷിഭവൻ പരിധികളിലെ നിരവധി പാടശേഖരങ്ങളിലാണ് വ്യാപകമായി നെൽച്ചെടികൾ നിലം പതിച്ചത്.
വിളവെടുപ്പിന് 30 മുതൽ 40 ദിവസം വരെ കാത്തിരിക്കേണ്ട പാടശേഖരങ്ങളിലാണ് കർഷകരുടെ ആശങ്കകൾ ഇരട്ടിയാക്കി നെൽച്ചെടികൾ നിലം പതിച്ചത്. നെൽച്ചെടികൾ കൂടുതൽ എഴിച്ചു നിൽക്കുന്നതും കതിരിന്റെ അമിത ഭാരവുമാണ് നെൽച്ചെടികൾ നിലംപതിക്കാൻ കാരണം. പമ്പിംഗ് നടത്തി പാടശേഖരത്തിലെ പ്രധാന ചാലുകളെല്ലാം വറ്റിച്ചിട്ടിരിക്കയാണെങ്കിലും താഴ്ന്ന കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് നിലംപതിക്കലിന് ആക്കം കൂടുന്നുണ്ട്. പാടശേഖരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് പാടശേഖരസമിതികളും.