പുഞ്ചക്കൊയ്ത്തും നെല്ലെടുപ്പും: ദ്രുതകര്‍മസേന ഇടപെടണം: കളക്ടര്‍
1529941
Wednesday, March 5, 2025 12:04 AM IST
ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ച ക്കൊയ്ത്തും നെല്ലെടുപ്പും സുഗമമായി നടക്കാനും പ്രശ്നങ്ങള്‍ പ്രാദേശികമായി പരിഹരിക്കാനും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ രൂപീകരിച്ച ഉദ്യോഗസ്ഥതല ദ്രുതകര്‍മസേനകള്‍ കൃത്യമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍ദേശിച്ചു.
പുഞ്ചക്കൊയ്ത്തും നെല്ലെടുപ്പും സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ആവശ്യമായി വരും. ഇവയുടെ ലഭ്യത ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കൃഷിഭവന് തലത്തില്‍ സ്വീകരിക്കണം. ഓരോ കൃഷിഭവന് പരിധിയിലും കൊയ്തുവരുന്ന പാടശേഖരങ്ങളില്‍ ഇറങ്ങുന്ന മെഷീനുകളെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദിഷ്ട പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട പാടശേഖര സമിതികള്‍ കൃഷി ഓഫീസറെ ഏല്‍പ്പിക്കണം.
കൃഷി ഓഫീസര്‍ കൊയ്ത്ത് മെഷീന് സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്രസ്തുത രേഖ സാക്ഷ്യപ്പെടുത്തി ജില്ലാതലത്തില്‍ കാര്‍ഷിക യന്ത്രവത്കരണ മിഷന് നോഡല്‍ ഓഫീസില്‍ എത്തിക്കണം. കൊയ്ത്ത് സംബന്ധിച്ച കൃത്യമായ നിരീക്ഷണവും ഇടപെടലും സാധ്യമാക്കാന്‍ ഇത് അനിവാര്യമാണ്. എല്ലാ കൃഷി ഉദ്യോഗസ്ഥരും പാടശേഖരസമിതികളും ഈ നിര്‍ദേശം കൃത്യമായി പാലിക്കേണ്ടതാണ്.
നെല്ല് സംഭരണം സംബന്ധിച്ച് സപ്ലൈകോ പുറപ്പെടുവിച്ച നടപടിക്രമത്തിലെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സപ്ലൈകോയിലെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കിഴിവ് സംബന്ധിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍, പഞ്ചായത്തുതല മോണിറ്ററിംഗ് സമിതി, ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ഇടപെട്ട് പരിഹരിക്കണമെന്നും നിര്‍ദേശിച്ചു.
ഏതെങ്കിലും പാടശേഖരത്തില്‍ മൊത്തത്തില്‍ രണ്ടു ശതമാനത്തിലധികം കിഴിവ് ആവശ്യപ്പെട്ടാല്‍ ആ വിവരം ജില്ലാ കളക്ടറെ അറിയിക്കണം. കൊയ്ത്ത് യന്ത്രത്തിന്റെ വാടക, ഒരേക്കര്‍ കൊയ്തെടുക്കുന്ന സമയം മുതലായ കാര്യങ്ങളില്‍ ജില്ലാതലത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ അപ്രകാരം തന്നെ പാലിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.