സ്ഥലമുണ്ടായിട്ടും പോസ്റ്റ് ഓഫീസിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡില്‍
1530401
Thursday, March 6, 2025 7:12 AM IST
എടത്വ: വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യത്തിലധികം സ്ഥലമുണ്ടായിട്ടും എടത്വ പോസ്റ്റ് ഓഫീസിലെത്തുന്ന നാലുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണ്ടത് റോഡില്‍. പുതിയതായി നിര്‍മിച്ച എടത്വ സബ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ ഗേറ്റ് തുറക്കാന്‍ കഴിയാത്ത രീതിയില്‍ നിര്‍മാണം നടത്തിയതാണ് വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയിലായത്. അകത്തേക്കു തുറക്കുന്ന ഗേറ്റിനോട് ചേര്‍ന്ന് വന്മരം നില്‍പ്പുണ്ട്. അതിനെ സംരക്ഷിക്കാനായി ഇഷ്ടിക വച്ച് ചുറ്റുമതിലും നിര്‍മിച്ചതോടെ ഗേറ്റിന്റെ ഒരുഭാഗം മാത്രമാണ് തുറക്കാന്‍ സാധിക്കുക. മറ്റേ ഭാഗം നിര്‍മാണഘട്ടം മുതല്‍ അടഞ്ഞുകിടക്കുകയാണ്.
ഇരുചക്രവാഹനങ്ങള്‍ പോസ്റ്റ് ഓഫീസിലേക്കു കടന്നുപോകാന്‍ കഴിയുമെങ്കിലും നാലുചക്ര വാഹനത്തിലെത്തുന്ന ഗുണഭോക്താക്കള്‍ വാഹനം പൊതുവഴിയില്‍ പാര്‍ക്ക് ചെയ്യണം. പോസ്റ്റ് ഓഫീസിനു മുന്പില് വഴിയോര കച്ചവടക്കാരും സ്ഥലം കൈയേറിയതിനാല്‍ വാഹനം ദൂരെ മാറ്റി പാര്‍ക്ക് ചെയ്ത ശേഷമേ ഗുണഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയൂ.
പ്രായാധിക്യമുള്ള നിരവധി ഗുണഭോക്താക്കളാണ് എടത്വ സബ് പോസ്റ്റ് ഓഫീസില്‍ എത്താറുള്ളത്. ഇവര്‍ക്ക് ഏറെ ദുരിതമായി തീരുകയാണ് വഴിയടച്ചുള്ള ഗേറ്റ് സ്ഥാപിക്കല്‍.
പോസ്റ്റ് ഓഫീസിനു നടുവിലായി ഗേറ്റ് നിര്‍മിക്കാന്‍ സ്ഥലം ഉണ്ടെന്നിരിക്കെയാണ് മരത്തിനു മുന്നില്‍ ഗേറ്റ് സ്ഥാപിച്ചത്. പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണഘട്ടം മുതല്‍ വിവാദമുണ്ടായിരുന്നു. സബ് പോസ്റ്റ് ഓഫീസിനാവശ്യമായ റൂം സൗകര്യമില്ലാതാണ് കെട്ടിടം നിര്‍മിച്ചെന്ന് പൊതുജനം പരാതിപ്പെട്ടിരുന്നു.
ദിവസേന നിരവധി ഗുണഭോക്താക്കള്‍ എത്താറുള്ള പോസ്റ്റ് ഓഫീസില്‍ വിശ്രമിക്കാന്‍ പോലും സൗകര്യമില്ലാതാണ് കെട്ടിടം നിര്‍മിച്ചത്. കെട്ടിടത്തിന്റെ സ്ഥല അപര്യാപ്തതയ്ക്കു പിന്നാലെയാണ് പ്രധാന ഗേറ്റ് തുറക്കാന്‍ കഴിയാത്ത നിര്‍മാണം നടത്തിയിരിക്കുന്നത്. ഒന്നുകില്‍ ഗേറ്റ് മാറ്റി സ്ഥാപിക്കുകയോ അല്ലെങ്കിൽ മരം വെട്ടിമാറ്റുകയോ ചെയ്യണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.