തുമ്പോളി സെന്റ് തോമസ് പള്ളിയിൽ വലിയ നോമ്പ് ആചരണം
1529366
Monday, March 3, 2025 12:00 AM IST
ആലപ്പുഴ: പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ വലിയ നോമ്പ് ആചരണത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച വിഭൂതി തിരുനാൾ ആചരിക്കും. രാവിലെ ആറിന് ദിവ്യബലിമധ്യേ വിശ്വാസികളുടെ നെറ്റിത്തടത്തിൽ വികാരി ഫാ. ജോസ് ലാഡ് കോയിപ്പറമ്പിൽ കുരിശടയാളം വരച്ച് നോമ്പ് ആചരണത്തിന് തുടക്കം കുറിക്കും. മുൻ വർഷം ഓശാനദിനത്തിൽ നൽകിയ കുരുത്തോലകളാണ് കത്തിച്ച് ചാരമാക്കി കുരിശടയാളത്തിന് ഉപയോഗിക്കുന്നത്.
ക്രൈസ്തവ ജീവിതം പ്രാർഥനയോടും ഒരുക്കത്തോടും ഉപവാസത്തോടുംകൂടി കണക്കാക്കുന്ന വലിയ നോമ്പാചരണം ആത്മീയ ജീവിതത്തിന് കരുത്ത് പകരുന്ന ദിനങ്ങളാണ്. ഈശോയുടെ പീഡാനുഭവ കുരിശുമരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്ന അതിപ്രധാനമായ ദിനങ്ങളിലേക്ക് ക്രൈസ്തവ സമൂഹം പ്രവേശിക്കുകയാണ്. അന്നേദിനം രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ സെന്റർ അടിസ്ഥാനത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തും. തുടർന്ന് 5.30ന് ദിവ്യബലി - ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ. സന്യാസിനീ സമൂഹങ്ങൾ, ബിസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.