കിടങ്ങറ പാലം: നവീകരണ ജോലികൾ നീളുന്നു
1529359
Monday, March 3, 2025 12:00 AM IST
മങ്കൊമ്പ്: വർഷങ്ങളേറെയായിട്ടും കിടങ്ങറ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. എസി റോഡ് നവീകരണ ജോലികൾക്കൊപ്പം ആരംഭിച്ച പാലത്തിന്റെ നിർമാണം നാലുവർഷത്തോളമായിട്ടും പൂർത്തീകരിക്കാനാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സ്ട്രക്ചർ ജോലികൾ വേഗത്തിൽ പൂർത്തിയായെങ്കിലും അവസാനഘട്ട ജോലികളാണ് ഇഴഞ്ഞു നീങ്ങുന്നത്. അതേസമയം പാലത്തിന്റെ നിർമാണത്തിൽ ഒട്ടേറെ അപാകതകളും സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പഴയപാലം നവീകരിക്കുന്നതിനൊപ്പം സമാന്തര പാലവും നിർമിച്ചു നാലുവരി ഗതാഗതം സാധ്യമാകുന്ന തരത്തിലാണ് പാലം നിർമിക്കുന്നത്.
എന്നാൽ, പുതുതായി നിർമിച്ച സമാന്തര പാലത്തിനു ബലക്ഷയമുണ്ടെന്നു നേരത്തേതന്നെ തെളിഞ്ഞിരുന്നു. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റിൽ പലയിടത്തായി വിള്ളൽ കണ്ടിരുന്നു. ഇതു വാർത്തയാകുകയും നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ വിള്ളലടച്ചു തടിതപ്പുകയായിരുന്നു.
പാലത്തിൽ ടാറിംഗ് ജോലികൾ പൂർത്തിയാക്കുകയും പിന്നീട് ഇതു നീക്കംചെയ്യുകയും ചെയ്തിരുന്നു. നിർമാണത്തിലെ അപാകതകൾ മൂലമാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയപ്പെടുന്നത്. പാലത്തിന്റെ നിർമാണജോലികൾ പൂർത്തിയാകാത്തതുമൂലം ഇതുവഴിയെത്തുന്ന വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. ചെയ്ത ജോലികളുടെ ബില്ല് മാറിക്കിട്ടാത്തതിനാലാണ് പണികൾ ഇഴയുന്നതെന്നാണ് കരാർ കമ്പനിയിലെ ജീവനക്കാരിൽനിന്നു പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, നാട്ടുകാർ ഇതു വിശ്വസിക്കാൻ തയാറല്ല. പാലങ്ങളുടെ ഡിസൈനിംഗിലും അപാകതകൾ ഏറെയാണെന്നാണ് നാട്ടുകാരുടെ പരാതി. ഏറെ വാഹനത്തിരക്കുണ്ടാകുന്ന കിടങ്ങറ-മുട്ടാർ പാലം ഈ പാലത്തിലേക്കാണ് വന്നുചേരുന്നത്.
ഇത് ഏറെ അപകടങ്ങൾക്കു കാരണമായേക്കാം. മുട്ടാർ റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾ കിടങ്ങറ പാലത്തിലേക്കു കയറുമ്പോൾ ചങ്ങനാശേരി ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളുമായി അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
റോഡിന്റെ നിർമാണജോലികൾ പൂർത്തിയാകുന്നതോടെ വാഹനങ്ങൾ അതിവേഗത്തിലാകും സഞ്ചരിക്കുക. സ്ഥലപരിചയമില്ലാത്ത, മറ്റു ജില്ലകളിൽ നിന്നെത്തുന്ന വാഹനയാത്രക്കാർക്കാണ് അപകടസാധ്യതയേറുന്നത്. സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയാണ് പാലങ്ങളുടെ ഡിസൈൻ തയാറാക്കിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപകടസാധ്യതകൾ പരിഹരിച്ച് എത്രയും വേഗം പാലങ്ങളുടെ നിർമാണജോലികൾ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെും ആവശ്യം.