ഫ്രാന്‍സിസ് പാപ്പ വീഡിയോ കോളില്‍ വിളിച്ച ശോശാമ്മ വിടവാങ്ങി
1519112
Sunday, March 2, 2025 12:06 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ഫ്രാന്‍സിസ് പാപ്പ വീഡിയോ കോളില്‍ വിളിച്ച് സ്നേഹാന്വേഷണം അറിയിച്ച ചങ്ങനാശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി (92) വിടവാങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രകളുടെ മേല്‍നോട്ടം വഹിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ അമ്മ ലീലാമ്മയുടെ മാതാവാണ് ശോശാമ്മ. 2023 സെപ്റ്റംബര്‍ രണ്ടിനാണ് ഫ്രാന്‍സിസ് പാപ്പ ശോശാമ്മയെ വാട്ടാസ് ആപ് കോളില്‍ വിളിച്ച് സ്നേഹാന്വേഷണങ്ങള്‍ നടത്തിയത്. പാപ്പായുടെ വാട്ട്സ് ആപ് കോള്‍ വൈറലാവുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
മാര്‍പാപ്പായ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ എന്നും സമയം കണ്ടെത്തിയിരുന്ന ശോശാമ്മച്ചി മാര്‍പാപ്പ രോഗബാധിനാണെന്നറിഞ്ഞതോടെ കൂടുതല്‍ സമയം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചിരുന്നു. കഴിഞ്ഞദിവസം ചെത്തിപ്പുഴ ആശുപത്രിയിലല്‍ പ്രവേശിപ്പിച്ച ശോശാമ്മ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍.
വല്യമ്മച്ചിയുടെ വാത്സ്യവും പ്രാര്‍ഥനയുമാണ് തന്നെ ദൈവവിളിയിലേക്കും കര്‍ദിനാള്‍ സ്ഥാനത്തും എത്തിച്ചതെന്ന് മാര്‍ ജോര്‍ജ് കൂവക്കാട്ട് സ്മരിക്കുന്നു. കൊച്ചുനാള്‍ മുതല്‍ ലിജിമോന്‍ എന്ന ജോര്‍ജ് കൂവക്കാട്ട് അമ്മ ലീലാമ്മയുടെ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടില്‍ ശോശാമ്മച്ചിയുടെ സ്നേഹവാല്സ്യം അനുഭവിച്ചാണ് വളര്‍ന്നത്. വടക്കേക്കരയിലുള്ള വീട്ടില്‍നിന്ന് എത്തിയാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് ചങ്ങനാശേരി എസ്ബി കോളജില്‍ ബിഎസ്സി പഠനം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷമാണ് കുറിച്ചി സെമിനാരിയില്‍ വൈദികപഠനത്തിനായി ചേര്‍ന്നത്. കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം രണ്ടുതവണ നാട്ടിലെത്തിയപ്പോഴും മാര്‍ കൂവക്കാട്ട് ശോശാമ്മയെ സന്ദര്‍ശിച്ചിരുന്നു.
ഫ്രാന്‍സിസ് പാപ്പയുടെ വിദേശകാര്യ യാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷല്‍ സെക്രട്ടറിയായി വത്തിക്കാനില്‍ ജോലി ചെയ്യുമ്പോഴും കര്‍ദിനാളായി ഉയര്ത്തപ്പെട്ടശേഷവും മാര്‍ ജോര്‍ജ് കൂവക്കാട്ട് വല്യമ്മച്ചിയെ ഫോണില്‍ വിളിക്കാനും ആരോഗ്യവിവരങ്ങള്‍ തിരക്കാനും സമയം കണ്ടെത്തിയിരുന്നു.