ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, മരണനിരക്കില്‍ രണ്ടാം സ്ഥാനം: മന്ത്രി വീണാ ജോര്‍ജ്
1519111
Sunday, March 2, 2025 12:06 AM IST
ചെങ്ങന്നൂര്‍: ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ത്യന്‍ കൗണ്‍സില്‍ റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം, കാന്‍സര്‍ കേസുകളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മരണനിരക്കില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ കെ.എം. ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സര്‍ക്കാരിന്റെ -ആരോഗ്യം ആനന്ദം- കാന്‍സര്‍ അവബോധന സ്ക്രീനിംഗ് കാമ്പെയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഓരോ വര്‍ഷവും 65,000 പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും കാന്‍സര്‍ പ്രതിരോധത്തില്‍ കേരളം പരാജയപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങളാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ആരോഗ്യ സാക്ഷരതയുള്ള സംസ്ഥാനത്ത് കാന്‍സറിനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ റവ. ഡോ. അലക്സാണ്ടര്‍ കൂടാരത്തില്‍ അദ്ധ്യക്ഷനായി.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന ബൃഹത്തായ ഈ പദ്ധതി കെ.എം.സി.ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെയും സ്വസ്തി ഫൗണ്ടേഷന്റെയും പിന്തുണയോടുകൂടി വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററിലെ പ്രിവന്റീവ് ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷാര്‍മിള പിംപിള്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, ലെഫ് .കേണല്‍ ശ്രീകുമാര്‍, കെഎംസി ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ഡോ. എം.വി. പിള്ള, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, ആലപ്പുഴ ഡിഎംഒ ഡോ. ജമുന വര്‍ഗീസ്, ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, ആലപ്പുഴ ജില്ലാ ആരോഗ്യം ആനന്ദം നോഡല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, സ്വസ്തി ഫൌണ്ടേഷന് ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റർ ഡയറ്ടര്‍ ഡോ. പി ജി. ബാലഗോപാല്‍, കെഎംസിഹോസ്പിറ്റല് ഓങ്കോളജി വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറ ഈശോ, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗീവര്‍ഗീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.