മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയും: ആശങ്കയോടെ കുട്ടനാട്ടിലെ കര്‍ഷകര്‍
1519110
Sunday, March 2, 2025 12:06 AM IST
എടത്വ: മാനം കറുക്കുന്നതോടെ കര്‍ഷകരുടെ നെഞ്ചില്‍ തീയാണ്. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ഏതാനും സ്ഥലങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. കുട്ടനാടിന്റെ കിഴക്കന്‍ മേഖലയിലാണ് മഴ ലഭിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ജില്ലയില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും ഇടിമിന്നലോടുകൂടിയ ചാറ്റല്‍ മഴയും പെയ്തിരുന്നു. രണ്ടു ദിവസമായി അന്തരീക്ഷം മേഘാവൃതമായാണ് കാണപ്പെടുന്നത്. മഴ ശക്തി പ്രാപിച്ചാല്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ കടബാധ്യത സംഭവിക്കും.
അപ്പര്‍ കുട്ടനാട്ടില്‍ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഈ മാസം കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ 70 ശതമാനത്തോളം പാടങ്ങളില്‍ വിളവെടുപ്പ് നടക്കും. കടുത്ത ചൂടില്‍ ഉണങ്ങിനില്ക്കുന്ന നെല്കതിരില് ചാറ്റല്‍ മഴ വീണാല്‍പോലും നിലംപറ്റുന്ന അവസ്ഥയാണ്. ഇതോടെ യന്ത്രക്കൊയ്ത്ത് മണിക്കൂറുകളോളം നീണ്ടുപോകാനും സാധ്യതയുണ്ട്. സ്വകാര്യ ഏജന്‍സികള്‍ ഇറക്കുന്ന യന്ത്രവാടക താങ്ങാന്‍ കഴിയാത്ത കര്‍ഷകരുടെമേല്‍ വേനല്‍മഴ കനത്ത പ്രഹരമാകും. മഴ മുന്നില്‍കണ്ട് കൊയ്ത്ത് തീരുമാനിച്ച പാടങ്ങളില്‍ കൃഷിഭവന് ഇടപെട്ട് മാറ്റിവയ്പിക്കാനുള്ള തീരുമാനവും ആരംഭിച്ചിട്ടുണ്ട്. 125 എത്തിയ പാടശേഖരങ്ങള്‍ മാത്രമേ വിളവെടുപ്പ് നടത്താവൂ എന്നാണ് കൃഷിഭവന് നിര്‍ദേശിച്ചിരിക്കുന്നത്.
മഴയെ അതിജീവിച്ചു വിളവെടുപ്പ് നടത്തിയാല്‍തന്നെ മില്ലുടമകളും ഏജന്‍സികളും ചോദിക്കുന്ന കിഴിവ് നല്‍കേണ്ടി വരും. നിലവില്‍ ഒരു കിന്റലിന് മൂന്നു കിലോ നെല്ലാണ് ഏജന്‍സികള്‍ കിഴിവ് ആവശ്യപ്പെടുന്നത്. വിളവെടുപ്പിനു മുന്‍പ് ചാറ്റല്‍ മഴ ഏറ്റാല്‍ മാത്രം മതി ഏജന്‍സികള്‍ 10 കിലോ കിഴിവ് ആവശ്യപ്പെടാനെന്നു കര്‍ഷകര്‍ പറയുന്നു.
വറവിന്റെയും ഓരുവെള്ളത്തിന്റെയും പ്രതിസന്ധി തരണം ചെയ്ത് തൊഴിലാളികള്‍ ചോദിക്കുന്ന കൂലിയും നല്കി വിളവെടുപ്പിനു തയാറെടുക്കുമ്പോഴാണ് കനത്ത പ്രതിസന്ധിയായി വേനല്‍ മഴയുടെ ആരംഭം തുടങ്ങിയത്. വരും ദിവസങ്ങളില്‍ തൊട്ടടുത്ത ജില്ലകളില്‍ മഴസാധ്യത പ്രവചിക്കുമ്പോള്‍ കര്‍ഷകര്‍ ആശങ്കയോടുകൂടിയാണ് ഓരോ ദിനരാത്രവും തള്ളിനീക്കുന്നത്. മുന്‍കാലങ്ങളിലും സമാന രീതിയില്‍ വേനല്‍ മഴ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇക്കുറിയും വേനല്‍ മഴയുടെ ലക്ഷണങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ചാറ്റൽ മഴ കര്‍ഷകരെ ദുരിതത്തിലാക്കാന്‍ സാധ്യതയുണ്ട്.