കായംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർഥി ഉൾപ്പെടെ 3 പേർക്ക് കടിയേറ്റു
1519108
Sunday, March 2, 2025 12:06 AM IST
കായംകുളം: തെരുവുനായ ആക്രമണത്തിൽ 12 വയസുകാരൻ ഉൾപ്പെടെ മൂന്നു പേർക്ക് കടിയേറ്റു. കായംകുളം പുത്തൻകണ്ടത്തിൽ ഇർഷാദ്, നിസാർ മൈലോലിൽ, മുഹമ്മദ് സൈഹാൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. കായംകുളം പ്രതാംഗമൂട് ജംഗ്ഷനു സമീപമായിരുന്നു ഇവരെ തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവരെ കായംകുളം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതാംഗമൂട് ജംഗ്ഷനിലെ വീടിന്റെ മുന്നിൽനിന്ന ഇർഷാദിനെ കടിച്ചശേഷമാണ് എംഎസ്എം സൂളിൽനിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥികളെയടക്കം കടിക്കുന്നത്. നിസാറിനും സൈഹാനും കൈയിലും ഇർഷാദിന് കാലിലുമാണ് കടിയേറ്റത്.
മൂന്നുപേരെ കടിച്ച നായയെ നാട്ടുകാർക്ക് പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ ആക്രമിക്കുന്നതിനുമുമ്പ് നായ പ്രദേശത്ത് അക്രമസ്വഭാവം കാട്ടി നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അതിനാൽതന്നെ പേ ബാധയുള്ള തെരുവുനായയാണോ എന്നതാണ് സംശയം.
പ്രദേശത്ത് രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരംതേടി നാട്ടുകാർ നിരന്തരം നഗരസഭയെ സമീപിച്ചെങ്കിലും ശാശ്വത പരിഹാരമുണ്ടാക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാനും പ്രഭാതസവാരി നടത്താനും കുട്ടികളെ സ്കൂളിൽ വിടാനും ആളുകൾ ഭയന്നിരിക്കുന്ന അവസ്ഥയാണ്.