കരയായി മാറി കോച്ചേരിത്തോട്
1519104
Sunday, March 2, 2025 12:06 AM IST
മങ്കൊമ്പ്: വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കും നാട്ടുകാര്‍ ആശ്രയിച്ചിരുന്ന തോട് കരയായി മാറിയതു നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നെടുമുടി ഗ്രാമപഞ്ചായത്ത് എട്ട്, ഒന്‍പത് വാര്‍ഡുകളെ വേര്‍തിരിച്ചു കടന്നുപോകുന്ന കോച്ചേരി തോടാണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. കിഴക്ക് പമ്പയാറില്നിന്നാരംഭിക്കുന്ന നാലു കിലോമീറ്ററോളം വരുന്ന തോട് പടിഞ്ഞാറ് പൂക്കൈതയാറ്റിലാണ് അവസാനിക്കുന്നത്. നെടുമുടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട തോടാണിത്.
മോട്ടോര്‍ ബോട്ടുകളടക്കം ഗതാഗതം നടത്തിയിരുന്ന സുവര്‍ണകാലം ഇന്ന് ഓര്‍മകളില്‍ മാത്രമാണ്. കാലങ്ങളേറെയായി മാലിന്യവാഹിനിയായ തോട് നാട്ടുകാര്‍ക്കു ദുരിതമാണ് സമ്മാനിക്കുന്നത്.
ഏറെക്കാലമായി പോളയും കളകളും പിടിച്ചുകിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. യഥാസമയം വൃത്തിയാക്കാത്തതിനാല്‍ ചെളിയും മണ്ണുമടിഞ്ഞു തോടിന്റെ ആഴം കുറഞ്ഞു. മഴക്കാലം കഴിഞ്ഞതോടെ തോട്ടിലെ അവശേഷിക്കുന്ന വെള്ളവും വറ്റിയ നിലയിലാണ്.
കരിയമ്പള്ളി, മണത്രാക്കല് എന്നീ രണ്ടു പാടശേഖരങ്ങളിലെ കൃഷിക്കാവശ്യമായ വെള്ളം ഈ തോട്ടില്‍നിന്നാണ് എടുത്തിരുന്നത്. പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനായി ഒഴുക്കിക്കളയുന്നതും ഇതുവഴി തന്നെ. ഇതിനായി ഇരു പാടശേഖരങ്ങളുടേതുമായി രണ്ടു മോട്ടോറുകള്‍ തോട്ടിലേക്കാണ് വെള്ളമൊഴുക്കുന്നത്.
പമ്പിംഗ് നടക്കുന്നതുമൂലം ചെളിയടിഞ്ഞുകൂടി മോട്ടോര്‍ തറകളുടെ സമീപത്തെ തോടിന്റെ പ്രദേശങ്ങള്‍ ഇപ്പോള്‍ കരയായി മാറിയ നിലയിലാണ്. 112 ഏക്കര്‍ വരുന്ന കരിയമ്പള്ളി പാടശേഖരത്തില്‍ കൃഷി അന്‍പതു ദിവസം മാത്രമാണ് പിന്നിട്ടിരിക്കുന്നത്. തോടുവറ്റിയതുമൂലം പാടശേഖരത്തിലേക്കു വെള്ളം കയറ്റാനാകാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം നെല്‍ച്ചെടികള്‍ കരിഞ്ഞു തുടങ്ങിയെന്നു കര്‍ഷകര്‍ പറയുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടു പാടശേഖരങ്ങളിലെയും കൃഷി ഉപേക്ഷിക്കേണ്ടി വരുമോയെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്. തോടിന്റെ ശോചനീയാവസ്ഥയ്ക്കു പരിഹാരം ആവശ്യപ്പെട്ടു കര്‍ഷകര്‍ പലവട്ടം ഗ്രാമപഞ്ചായത്തധികൃതരെ സമീപിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
കൃഷി സുഗമമാക്കുന്നതിനും തോടിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനുമായി അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിയമ്പള്ളി പാടശേഖരസമിതി പ്രസിഡന്റ് ജോസ് ചക്കാത്ര, സെക്രട്ടറി മാത്യു ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.