മലിനജലം ഒഴുക്കിയതിനും മാലിന്യം സംസ്കരിക്കാത്തതിനും പിഴ ചുമത്തി
1519103
Sunday, March 2, 2025 12:06 AM IST
ആലപ്പുഴ: മലിനജലം ഒഴുക്കിയതിനും അജൈവ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാത്തതിനും അരൂര്‍ പഞ്ചായത്തിലെ രണ്ടു സ്ഥാപനങ്ങളില്‍നിന്ന് 15,000 രൂപ പിഴ ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ശിപാര്‍ശ ചെയ്തു.
മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും ശരിയായ രീതിയില്‍ സംസ്കരിക്കാത്തതിന് കെല്‍ട്രോണില്‍നിന്ന് 10,000 രൂപയും അജൈവ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാത്തതിന് കൊച്ചിന് ഫ്രോസണ്‍ ഫുഡ് എക്സ്പോര്ട്ട്സില്നിന്ന് 5,000 രൂപയും പിഴ ഈടാക്കാനാണ് ശിപാര്‍ശ ചെയ്തത്.
എട്ട് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്കി. ജോയിന്റ് ബിഡിഒ ബിന്ദു വി. നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എസ്. വിനോദ്, ശുചിത്വമിഷന് കോ-ഓർഡിനേറ്റര്‍ സുജമോള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന് അഖില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റെജി മാവേലി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
31ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നു ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.