പകൽവീട് പരിപാലിക്കാൻ ആരുമില്ലേ?
1495582
Thursday, January 16, 2025 12:20 AM IST
പൂച്ചാക്കൽ: വയോജനങ്ങളെയും കാത്ത് ഒരു പകൽവീട് ഉണർന്നിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുമൂലം ലക്ഷങ്ങൾ മുടക്കി നിർമിച്ച പകൽവീട് കാടുകയറി നശിക്കുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ പഞ്ചായത്ത് വളപ്പിൽ നിർമിച്ചിരിക്കുന്ന പകൽ വീടാണ് വയോജനങ്ങൾ ഇല്ലാത്തതുമൂലം തുറന്നു പ്രവർത്തിക്കാത്തതിനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്.
വീടിന്റെ മേൽക്കൂരയുടെ ഓടും സീലിംഗും പൊളിഞ്ഞ് താഴെ വീഴാറായ അവസ്ഥയാണ്. കേടായ തെരുവുവിളക്കുകൾ വീടിന്റെ മുൻവശം കൂട്ടിയിട്ടിരിക്കുകയാണ്. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന പ്രായമായവർക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി നിർമിച്ചതായിരുന്നു പകൽ വീട്.
2013-14 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പകൽവീട് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീൽ ആണ് ഉദ്ഘാടനം ചെയ്തത്. അൻപതു വയസിൽ മുകളിൽ പ്രായമായവർക്കായാണ് പദ്ധതി നടപ്പിലാക്കിയത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, നിർമാണം പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞിട്ടും വയോജനങ്ങൾ വരാത്തതിനാൽ ആശങ്കയിലാണ് പള്ളിപ്പുറം പഞ്ചായത്ത് അധികൃതർ.
വീടുകളിൽ പകൽസമയങ്ങളിൽ തനിച്ചിരിക്കുന്നവരെ കണ്ടെത്തിയെങ്കിലും വീട്ടുകാർ പകൽ വീടുകളിലേക്ക് പ്രായമായവരെ അയയ്ക്കാൻ മടികാണിക്കുകയാണെന്നാണ് പള്ളിപ്പുറം പഞ്ചായത്ത് ടി.എസ്. സുധീഷ് പറയുന്നത്. വാർധക്യകാലം ആനന്ദിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി പകൽ വീട്ടിൽ ടെലിവിഷൻ, ലൈബ്രറികൾ, മാസികകൾ, ചെസ് ബോർഡ് തുടങ്ങിയ വിനോദത്തിനാവശ്യമായവ തയാറാക്കിയിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്. ഭക്ഷണത്തിനായി ഇതുവരെ സൗകര്യങ്ങൾ ഒന്നും ഒരിക്കിയിട്ടില്ലെങ്കിലും അതും നടപ്പിലാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്ന് പ്രസിഡന്റ് പറഞ്ഞു. ലക്ഷങ്ങൾ മുടക്കി നിർമിച്ച പകൽവീട് ജനങ്ങൾക്കായി എത്രയും വേഗം തുറന്നുകൊടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അങ്കണവാടികളിലെ വയോജന കൂട്ടായ്മ വഴി ജനങ്ങളിൽ ബോധവത്കരണം നടത്തി വയോജനങ്ങളെ പകൽവീടുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കേടുപാടുകൾ പരിഹരിച്ച് വൈകാതെ തന്നെ പകൽവീട് തുറന്നു പ്രവർത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും.
ടി.എസ്. സുധീഷ്, പ്രസിഡന്റ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത്.
പള്ളിപ്പുറം പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പകൽവീട് സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറിയിരിക്കുകയാണ്. വീടിന്റെ കേടുപാടുകൾ പരിഹരിച്ച് ജനങ്ങൾക്കായി എത്രയും വേഗം തുറന്നുകൊടുക്കണം.
വി.കെ. സുനിൽകുമാർ, പ്രസിഡന്റ്, ഗാന്ധിദർശൻ
സമിതി അരൂർ നിയോജകമണ്ഡലം.