നവകേരള സദസ്: ഭവന പുനരുദ്ധാരണ അപേക്ഷകള്‍ പരിഗണിക്കും
1495838
Thursday, January 16, 2025 11:17 PM IST
ആലപ്പുഴ: നവകേരള സദസില്‍ ഭവന പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകരില്‍ വിവിധ വാര്‍ഡുകളില്‍നിന്നുള്ള 69 ഗുണഭോക്താക്കളുടെ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം നല്‍കുകയും പദ്ധതി പ്രകാരം മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് ഭവന പുനരുദ്ധാരണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിനും തീരുമാനിച്ചു.
ലൈഫ് പദ്ധതി പ്രകാരം നഗരസഭ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഭൂമി വാങ്ങിയിട്ടുള്ള ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മാണ ധനസഹായം ലഭ്യമാക്കുന്നതിന് കൗണ്‍സില്‍ അംഗീകാരം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള ജലാശയങ്ങളും സമീപ പ്രദേശങ്ങളും സംരക്ഷിക്കുന്നതിന്റെയും ആസ്തിയില്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെയും ഭാഗമായി ഈ പ്രദേശങ്ങളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്നതിന് റവന്യൂ, ഇറിഗേഷന്‍, സര്‍വെ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു.
ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അവലൂക്കുന്ന് വാര്‍ഡില്‍ കാപ്പില്‍ മുക്ക് ജംഗ്ഷന്, തത്തംപള്ളി വാര്‍ഡില്‍ എച്ച്എംസി പള്ളിക്കു സമീപവും കറുകയില്‍ വാര്‍ഡ് വെളിയില്‍ ജംഗ്ഷന്, പുന്നമട വാര്‍ഡില്‍ തോട്ടാത്തോട് കടത്തിനു സമീപം, നെഹൃട്രോഫി അഴീക്കല്‍ ജെട്ടി, ആറാട്ടുവഴി പള്ളിക്കു സമീപം, ലത്തീന്‍ പള്ളിക്കു സമീപം, മുപ്പാലത്തിനു പടിഞ്ഞാറ് വശം, ചാത്തനാട് പള്ളിക്കു സമീപം, ഫിനിഷിംഗ് പോയിന്റ്, തീര്‍ഥശേരി അമ്പലത്തിനു സമീപം, നവോദയ വായനശാല ജംഗ്ഷന് എന്നീ സ്ഥലങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ടി പ്രവര്‍ത്തിയുടെ കറന്റ് ചാര്‍ജ്, പരിപാലന ചുമതല എന്നിവ നഗരസഭ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. 2025-26 വാര്‍ഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് 23 മുതല്‍ 28 വരെ വാര്‍ഡു സഭകള്‍ കൂടി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഫെബ്രുവരി നാലിന് വികസന സെമിനാര്‍ നടത്തി നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഷിക പദ്ധതി തയാറാക്കുന്നതിന് തീരുമാനിച്ചു.
കൗണ്‍സിലില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്. പ്രേം, എ.എസ്. കവിത, നസീര്‍പുന്നക്കല്‍, ആര്. വിനിത, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, കക്ഷി നേതാക്കളായ അഡ്വ. റീഗോ രാജു, ഡി.പി. മധു, സലിം മുല്ലാത്ത, കൗണ്‍സിലര്‍മാരായ ബി നസീര്‍, എല്ജിന് റിച്ചാഡ്, ബി. അജേഷ്, ആര്. രമേഷ്, നജിത ഹാരിസ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമ, പി.എസ്. ഫൈസല്‍, ഡെപ്യൂട്ടി സെക്രട്ടറി സുരേഷ്, എന്‍ജിനിയര്‍ ഷിബു നാല്‍പ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.