നിരീക്ഷണ കാമറകൾ ഇല്ല; ചാരുംമൂട് ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ച് വാഹനങ്ങൾ
1495585
Thursday, January 16, 2025 12:20 AM IST
ചാരുംമൂട്: കെപി റോഡിൽ ചാരുംമൂട് ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടും വാഹനങ്ങൾ സിഗ്നൽ ലംഘിച്ചു കടന്നുപോകുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നു.
ട്രാഫിക് സിഗ്നലിനു സമീപം നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇതുവരെ നടപടിയില്ല. കായംകുളം-പുനലൂർ റോഡിലെ പ്രധാന ജംഗ്ഷനായ ചാരുംമൂട്ടിൽ നൂറുകണക്കിന് വാഹനങ്ങളാണ് തിരക്കേറിയ ജംഗ്ഷനിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. കൂടാതെ കൊല്ലം-തേനി ദേശീയപാതയും ചാരുംമൂട് ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. ഇതേത്തുടർന്നാണ് തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്.
എന്നാൽ, ചുവപ്പ് സിഗ്നൽ തെളിഞ്ഞാലും നിയമം ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നത് വർധിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് അപകടത്തിനും ഇടയാക്കുകയാണ്. കാമറ യൂണിറ്റ് സ്ഥാപിക്കാൻ ഏകദേശം 10 ലക്ഷത്തോളം രൂപ ചെലവുവരും. ജംഗ്ഷനിൽത്തന്നെ കൺട്രോളിംഗ് ഓഫീസ് സംവിധാനവും ജീവനക്കാരും ഇതിനായി വേണ്ടിവരും. കാമറയിൽ പകർത്തുന്ന ചിത്രങ്ങൾ പരിശോധിക്കാൻ കമ്പ്യൂട്ടർ സംവിധാനവും പ്രിന്റർ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടിവരും.
സർക്കാറിൽ നിന്നോ ജനപ്രതിനിധികളിൽ നിന്നോ കാമറ യൂണിറ്റിനാവശ്യമായ ഫണ്ട് ലഭ്യമായെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയൂ. ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ ഉടൻ സ്ഥാപിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സർവകക്ഷിയോഗം വർഷങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തെങ്കിലും നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി.