പെരുവേലിൽച്ചാൽ പുഞ്ച വെള്ളക്കെട്ടിൽ; നെൽകർഷകർ ആശങ്കയിൽ
1495843
Thursday, January 16, 2025 11:17 PM IST
ചാരുംമൂട്: ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെടുന്ന കരിങ്ങാലിച്ചാൽ- പെരുവേലിച്ചാൽ പുഞ്ചയിൽ നെൽകൃഷി ഇറക്കാനുള്ള സമയം കഴിഞ്ഞിട്ടും നിലമൊരുക്കാൻ നെൽകർഷകർക്ക് ഇനിയും സാധിച്ചിട്ടില്ല. പെരുവേലിച്ചാൽ പാടശേഖരത്തു മാത്രം 500 ഏക്കർ നിലം വിത്ത് വിതയ്ക്കാൻ ഒരുക്കണമെങ്കിൽ പുഞ്ചയിൽ കെട്ടിനിൽക്കുന്ന വെള്ളം യുദ്ധകാലാടിസ്ഥാനത്തിൽ പമ്പ് ചെയ്ത് വെള്ളം അച്ചൻകോവിലാറ്റിലേക്കു തിരിച്ചുവിടണം.
ഇതിനുവേണ്ടി പുലിമേൽ കുബിളിമലയുടെ വടക്കുഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന 50 എച്ച്പി, 30 എച്ച്പി മോട്ടോറുകൾ രാവും പകലും പ്രവർത്തിപ്പിക്കണം. എന്നാൽ, കരാറുകാരൻ ഗുണനിലവാരമില്ലാത്ത മോട്ടറുകളാണ് ഉപയോഗിക്കുന്നതെന്ന പരാതിയും ശക്തമാണ്.
വെള്ളത്തിന്റെ അളവു വർധിക്കുമ്പോൾ പമ്പ് കേടാവുന്ന പതിവുകാഴ്ചയാണ് ഇപ്പോഴുള്ളത്. മകരവിളക്കിനു മുമ്പായി നെൽവിത്ത് പാകാനുള്ള എല്ലാ ഒരുക്കങ്ങളും നെൽകർഷകർ ഒരുക്കിയിരുന്നു. ചുനക്കര തഴക്കര നൂറനാട് പഞ്ചായത്തുകളിലായാണ് പുഞ്ച വ്യാപിച്ച് കിടക്കുന്നത് നൂറനാട്-ചുനക്കര-തഴക്കര പഞ്ചായത്ത് കൃഷിഭവനുകൾ അടിയന്തരമായി ഇടപെടിൽ നടത്തി കർഷകർക്കുള്ള ആശങ്കയക്കു പരിഹാരം കാണണമെന്നാണ് ആവശ്യം.
നെൽകർഷക സമിതിയും പാടശേഖര സമിതിയും കൃഷിഭവന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ. ഉടനെ കൃഷിയിറക്കിയില്ലെങ്കിൽ വിളവാകുമ്പോഴേക്കും വെള്ളം കയറി കൃഷി മുങ്ങും. ഇതുകാരണം കൃഷിയിറക്കാൻ കർഷകർ ഇപ്പോൾ മടിക്കുകയാണ്. മോട്ടോർ ലേലം പിടിച്ച കരാറുകാർ എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കർഷകർക്ക് കൃഷിയിറക്കാൻ കഴിയില്ല.
വർഷങ്ങളോളം തരിശുകിടന്ന പുഞ്ചകളാണ് പെരുവേലിൽചാൽ കരിങ്ങാലിൽചാൽ പുഞ്ചകൾ. തൊഴിലാളി ക്ഷാമം, കൂലിവർധന, വെള്ളപ്പൊക്കം, വേനൽ എന്നിവ കാരണം കൃഷിയിറക്കുന്ന കർഷകർക്ക് വിളവെടുക്കുമ്പോൾ ദുരിതകാലമാണ്. കർഷകർ വീണ്ടും കൃഷിയിലേക്കിറങ്ങിയിട്ട് കുറച്ചുവർഷങ്ങളെ ആയിട്ടുള്ളു.