എം.ആർ. രവിയുടെ വേർപാട് നാടിനെ ദുഃഖത്തിലാക്കി
1495840
Thursday, January 16, 2025 11:17 PM IST
പൂച്ചാക്കൽ: തൃച്ചാറ്റുകുളം എൻഎസ്എസ് ഹൈസ്കൂളിൽ കെഎസ്യു പ്രവർത്തകനായി പൊതുപ്രവർത്തനം ആരംഭിച്ച എം.ആർ. രവീന്ദ്രൻ നായർ എന്ന എം.ആർ. രവി പാണാവള്ളിയിൽ കോൺഗ്രസ് പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് അംഗം, കോൺഗ്രസ് പാണാവള്ളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി എക്സിക്യൂട്ടീവ് അംഗം, ഇരുപത്തിയഞ്ചു വർഷമായി പാണാവള്ളി 901 സർവീസ് സഹകരണ ബാങ്ക് അംഗം,അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ചേർത്തല നാളികേര വികസന സൊസൈറ്റി അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു.
പൊതുപ്രവർത്തകൻ എന്ന നിലയിൽ നാടിനു വേണ്ടി ആത്മാർഥതയോടെ പ്രവർത്തിച്ച എം.ആർ. രവിയുടെ വിയോഗം നാടിനെ സങ്കടത്തിലാക്കി.പാണാവള്ളി നോർത്ത് മണ്ഡലം ഓഫീസിലും സർവീസ് സഹകരണ ബാങ്കിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, എ.എ. ഷുക്കൂർ എന്നിവർ വീട്ടിൽ എത്തി ആദരാജ്ഞലികൾ അർപ്പിച്ചു.