അര്‍ത്തുങ്കല്‍ പുണ്യം ഇന്ന് മാതൃപിതൃദിനം - ദമ്പതീദിനം
1495842
Thursday, January 16, 2025 11:17 PM IST
(ശുശ്രൂഷക്രമീകരണം: ഇടവകയിലെ ദമ്പതികള്‍)
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 379-ാമത് മകരം തിരുനാളിനോടനുബന്ധിച്ച് ഇന്ന് ദമ്പതിദിനം ആചരിക്കുന്നു. ദാമ്പത്യജീവിതത്തിന്റെ ഐക്യവും വിശ്വസ്തതയും മാനവരിലേക്കു പകരുകയെന്നത് ദിനം ലക്ഷ്യംവയ്ക്കുന്നു. വിവാഹ ജീവിതത്തിൽ സ്ത്രീയും പുരുഷനും വഹിക്കുന്ന കടമകളെപ്പറ്റി ഉദ്ബോധിപ്പിക്കുവാനും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയെ ദാമ്പത്യജീവിതത്തിന്റെ നന്മകളെക്കുറിച്ചു ബോധ്യമുള്ളവരാക്കാനും ഈദിനം അനുസ്മരിക്കപ്പെടുന്നു.
ഇന്ന് മാതൃപിതൃദിനം കൂടിയായി ആചരിക്കപ്പെടുന്നു. വിശ്വാസ ശിക്ഷണത്തിലും സ്വഭാവരൂപീകരണത്തിനും മാതാക്കളും പിതാക്കന്മാരും വഹിക്കുന്ന പങ്കിനെ അനുസ്മരിക്കാനും ഈ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രാർഥനാ മന്ത്രങ്ങളുമായി എത്തിച്ചേരുന്ന എല്ലാ മാതാപിതാക്കളെയും അനുസ്മരിക്കാനും ഈദിനം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു.
ഇന്നു രാവിലെ 5.30നു ദിവ്യബലി. 6.45നു പ്രഭാത പ്രാര്‍ഥന, ദിവ്യബലി. വൈകുന്നേരം അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. ആറിനു ആഘോഷമായ ദിവ്യബലി-ഫാ. ടോമി ചമ്പക്കാട്. വചനപ്രഘോഷണം-ഫാ. ജോസഫ് ജോയി അറയ്ക്കല്‍. രാത്രി ഒമ്പതിന് ദിവ്യകാരുണ്യ ആരാധന-ഫാ. തോമസ് ഷൈജു ചിറയില്‍.
വിശ്വാസികള്‍ക്ക് സാഫല്യനിമിഷം:
തിരുസ്വരൂപ നടതുറക്കല്‍ നാളെ
പ്രാര്‍ഥനാനിര്‍ഭരമായ മനസുമായി കാത്തിരിക്കുന്ന വിശ്വാസികള്‍ക്ക് നാളെ അര്‍ത്തുങ്കല്‍ വെളുത്തച്ചന് ദര്‍ശനപുണ്യം നല്‍കും. പുലര്‍ച്ചെ അഞ്ചിന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നടക്കുന്ന നടതുറക്കല്‍ ചടങ്ങിനു സാക്ഷികളാകാന്‍ വിശ്വാസിസമൂഹം ഇന്നുമുതല്‍ അര്‍ത്തുങ്കലിലേക്ക് ഒഴുകിയെത്തും.
പ്രാര്‍ഥനാനിര്‍ഭരമായ മനസുകളുമായി ഇന്നു പകലും രാത്രിയിലും കാത്തിരിക്കുന്ന വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി നാളെ രാവിലെ അഞ്ചിന് വിശുദ്ധ ഗ്രന്ഥവായനയോടും മലയാളം ലത്തീൻ ഭാഷകളിലുള്ള ഗാനശുശ്രൂഷയോടും കൂടെ വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപത്തിന്റെ നട തുറക്കപ്പെടുന്നു. പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച അറയില്‍നിന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അദ്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. തുടർന്ന് തിരുനാൾ സമാപനമായ 27 വരെ തിരുസ്വരൂപം ദേവാലയത്തിന്റെ തിരുനടയിൽ പ്രതിഷ്ഠിക്കും.