മന്ത്രിബന്ധുവിന്റെ ടൂറിസ്റ്റ് ബസ് സർവീസ് കെഎസ്ആർടിസിക്ക് പാര
1495576
Thursday, January 16, 2025 12:20 AM IST
അന്പലപ്പുഴ: മന്ത്രിബന്ധുവിന്റെ ടൂറിസ്റ്റ് ബസ് സമാന്തര കെഎസ് ആർടിസി സർവീസാകുന്നു. നടപടി സ്വീകരിക്കാതെ ഭയപ്പാടോടെ മോട്ടോർ വാഹനവകുപ്പ്. ഗതാഗതവകുപ്പ് മന്ത്രിയുടെ ബന്ധുവിന്റെ ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസിക്ക് സമാന്തരമായി സർവീസ് നടത്തി പണം കൊയ്യുന്നത്.
കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തേക്കാണ് എല്ലാ ദിവസവും ഈ ബസ് സർവീസ് നടത്തുന്നത്. നിറയെ യാത്രക്കാരുമായി രാവിലെ എറണാകുളത്തേക്ക് ദേശീയപാത വഴി പോകുന്ന ബസ് വൈകിട്ട് ഇതേ റൂട്ടിൽ തിരികെ സർവീസ് നടത്തും. കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ദീർഘദൂര യാത്രക്കാരാണ് സമാന്തര സർവീസ് നടത്തുന്ന ഇതിൽ യാത്ര ചെയ്യുന്നത്.
ഇത് കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. സാധാരണ ടൂറിസ്റ്റ് ബസിന്റെ പെർമിറ്റ് മാത്രമാണ് ഇതിനുള്ളത്. എന്നാൽ, സമാന്തര സർവീസായാണ് ഈ വാഹനമോടുന്നത്. കെഎസ്ആർടിസി ജീവനക്കാർക്കും ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്.
എന്നാൽ, ഈ പ്രതിഷേധമൊന്നും ഈ സർവീസിനെ ബാധിച്ചിട്ടില്ല. അനധികൃതമായി സമാന്തര സർവീസ് നടത്തുന്ന മന്ത്രി ബന്ധുവിന്റെ വാഹനത്തിനെതിരേ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പും തയാറായിട്ടില്ല. നടപടി സ്വീകരിച്ചാൽ കസേരയും തൊപ്പിയും കാണില്ലെന്ന ഭയം മൂലമാണ് ഇതിന് തയാറാകാത്തത്.
നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ തകർക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നതും ഇത്തരം സമാന്തര സർവീസുകളാണെന്ന് പറയപ്പെടുന്നു.