മുളക്കുഴയിൽ ലോറി നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചുകയറി; വൻ നാശനഷ്ടം
1495574
Thursday, January 16, 2025 12:20 AM IST
ചെങ്ങന്നൂർ: എംസി റോഡിൽ നിയന്ത്രണം വിട്ട ലോറി കടകളിൽ ഇടിച്ചുകയറി വൻ നാശനഷ്ടം ഉണ്ടായി. ഇന്നലെ രാവിലെ 6.30 ഓടെ മുളക്കുഴ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. മൂവാറ്റുപുഴയിൽ തടി ഇറക്കിയശേഷം അടൂരിലേക്ക് മടങ്ങിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചതിനുശേഷം സമീപത്തുള്ള ഹോട്ടലിലും ടയർ കടയിലും ഇടിച്ചുകയറുകയായിരുന്നു.
കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കടകൾ പൂർണമായും തകർന്നനിലയിലാണ്. കടയോട് ചേർന്ന മതിലും ഇടിച്ചുതകർത്തു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഹോട്ടലിൽ രാവിലെ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിരുന്നു. ചെങ്ങന്നൂർ ട്രാഫിക് പോലീസ് മേൽനടപടി സ്വീകരിച്ചു.