ചമ്പക്കുളം-തിരുവനന്തപുരം കെഎസ്ആർടിസി സർവീസ് ആരംഭിക്കണം
1494250
Saturday, January 11, 2025 12:21 AM IST
മങ്കൊമ്പ്: തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ചമ്പക്കുളത്തുനിന്നു തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യമുയരുന്നു. ഇന്നലെ നടന്ന കുട്ടനാട് വികസനസമിതി യോഗത്തിലാണ്് ആവശ്യമുയർന്നത്. വൈകുന്നേരം തിരുവനന്തപുരത്തുനിന്നും സർവീസ് ആരംഭിച്ച് കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചക്കുളത്തുകാവ്, എടത്വ വഴി ചമ്പക്കുളം ബസിലിക്കയ്ക്കു സമീപത്തെ ബസ് സ്റ്റാൻഡിൽ എത്തുകയും പുലർച്ചെ തിരികെ സർവീസ് ആരംഭിക്കുന്ന രീതിയിൽ സർവീസ് വേണമെന്നുമാണ് ആവശ്യമുയരുന്നത്.
കുട്ടനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് തിരുവനന്തപുരത്തിനു പോകുന്നതിനു സർവീസ് ഏറെ സഹായകരമാകുമെന്ന് ബിനു ഐസക് രാജു പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ കുടിവെള്ളവും പുഞ്ചകൃഷിയുടെ വിളവെടുപ്പും പ്രധാന ചർച്ചയായി. കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശത്തിനു കാത്തുനിൽക്കാതെ വേനൽക്കാലം ആരംഭിക്കുന്നതിനു മുൻപു തന്നെ കുടിവെള്ള വിതരണം ആരംഭിക്കണം. എസി റോഡടക്കം കുട്ടനാട്ടിലെ പ്രധാന നിരത്തുകളിലെ ടോറസ് ലോറികളുടെ ഗതാഗത നിയന്ത്രണവും യോഗത്തിൽ ചർച്ചയായി. അമിത ഭാരവുമായി പോകുന്ന ലോറികൾ കുട്ടനാട്ടിലെ റോഡുകളുടെ തകർച്ചയ്്ക്കു കാരണമാകുന്നതായി അഭിപ്രായമുയർന്നു. കുട്ടനാട് ജലവിതരണ പദ്ധതി പ്രകാരം പ്രധാന ജംഗ്ഷനുകളിലെങ്കിലും ടാപ്പുകൾ സ്ഥാപിക്കണം.