തോമസ് കെ. തോമസിനെ മന്ത്രിയാക്കരുത്, സിപിഐക്കെതിരേ രൂക്ഷവിമർശനം
1494471
Saturday, January 11, 2025 11:22 PM IST
ഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് ആവശ്യം ഉയർന്നു. കുട്ടനാട്ടിൽനിന്നുള്ള സിപിഎം പ്രതിനിധികളാണ് ആവശ്യം മുന്നോട്ട് വച്ചത്. നിരവധി രക്തസാക്ഷികളുടെ മണ്ണാണ് കുട്ടനാട്. അവിടെ എൻസിപിക്ക് യാതൊരു സ്വാധീനവുമില്ല.
കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ സർക്കാരിന്റെ വികസന പദ്ധതികൾ സമയബന്ധിതമായി നടക്കുന്നുമില്ല. അതിനാൽ കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണം. നിലവിലെ എൻസിപി എംഎൽഎ തോമസ് കെ. തോമസിനെ മന്ത്രിയാക്കരുത്. അദ്ദേഹത്തിന് കേരളത്തെക്കുറിച്ചോ കുട്ടനാടിനെക്കുറിച്ചോ ഒന്നും അറിയാത്ത ആളാണെന്നും വിമർശനം ഉയർന്നു.
സിപിഐക്കെതിരേയും സംഘടനാ ചർച്ചയിൽ രൂക്ഷവിമർശനം ഉയർന്നു. സിപിഎമ്മിന്റെ തണലിൽ വളരുകയും എന്നാൽ, പ്രതിസന്ധിഘട്ടത്തിൽ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് സിപിഐ നേതാക്കന്മാർ സ്വീകരിക്കുന്നത്.
ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള കൃഷി, റവന്യു, സിവിൽ സപ്ലൈസ്, വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സിപിഐ മന്ത്രിമാരാണ്. ഈ വകുപ്പുകളിലെ പ്രവർത്തന വൈകല്യത്തിന്റെ പേരിൽ സർക്കാർ പഴി കേൾക്കേണ്ടി വരികയാണെന്നും വിമർശനം ഉയർന്നു.