മാണിവിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനം ; അഭിപ്രായം മുന്നണിയിൽ പറയും: മോൻസ്
1494241
Saturday, January 11, 2025 12:21 AM IST
മങ്കൊമ്പ്: മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനകാര്യത്തിൽ കേരള കോൺഗ്രസിന്റെ അഭിപ്രായം മുന്നണിയിൽ പറയുമെന്ന് മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പി.ജെ. ജോസഫിന്റെ അഭിപ്രായം മാനിച്ചു മാത്രമേ ഇക്കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കൂ. ഇപ്പോൾ ഇങ്ങനെയൊരു വിഷയം യുഡിഎഫിന്റെ മുന്നിലില്ല. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ കുട്ടനാട് താലൂക്കിൽ മാത്രം കർഷകർക്കു 40 കോടി രൂപ കൊടുത്തുതീർക്കാനുണ്ട്.
പുഞ്ചകൃഷിയുമായി മുന്നോട്ടുപോകാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി നെല്ലുവില കൊടുത്തുതീർക്കാനുള്ള നടപടി സ്വീകരിക്കണം. ഓരുമുട്ടുകളിലൂടെ വെള്ളം കയറി കൃഷി നശിക്കാതിരിക്കാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ തോമസ് എം. മാത്തുണ്ണി, റോയി ഊരാംവേലി, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, പ്രകാശ് പനവേലി, ബാബു പാറക്കാടൻ, ജോസ് കോയിപ്പള്ളി, ആലീസ് ജോസി തുടങ്ങിയവർ പ്രസംഗിച്ചു.