ചെങ്ങന്നൂരിലെ കുട്ടനാട് റൈസ് പാര്‍ക്ക് യാഥാർഥ്യമാകുമോ?
1494239
Saturday, January 11, 2025 12:21 AM IST
ചെങ്ങന്നൂര്‍: അരിയും മൂല്യവര്‍ധിത ഉത്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കാനായി ചെങ്ങന്നൂരില്‍ കുട്ടനാട് റൈസ് പാര്‍ക്ക് സ്ഥാപിക്കുന്ന പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങി. മുളക്കുഴ പഞ്ചായത്തില്‍ കോട്ടയില്‍ വ്യവസായവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മില്‍സിന്റെ 13.67 ഏക്കര്‍ ഭൂമിയില്‍ 5.18 ഏക്കര്‍ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി സംവിധാനം പാര്‍ക്കിനായി ഒരുക്കുമെന്ന് പറഞ്ഞത്.
എന്നാല്‍, നാളിതുവരെയായി കെട്ടിടം പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചിട്ടില്ല. കിറ്റ്കോ ലിമിറ്റഡ് തയാറാക്കിയ 36 കോടി രൂപയുടെ പദ്ധതി നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര, കരാറുകാരായ ക്രസന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയെയാണ് ഏല്‍പ്പിച്ചതെങ്കിലും രണ്ടുവര്‍ഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുകയാണ്.
പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കുട്ടനാടന്‍ ബ്രാന്‍ഡ് ആഗോള വിപണിയിലെത്തും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ നെല്ല് സംഭരിക്കാനുമാകുമെന്നായിരുന്നു പ്രഖ്യാപനം. പാര്‍ക്കിന്റെ നിര്‍മാണ സമയത്ത് മന്ത്രി സജി ചെറിയാന് നേരിട്ട് വിലയിരുത്താന്‍ എത്തിയതല്ലാതെ പിന്നീട് അനക്കമുണ്ടായില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളിലെ കര്‍ഷരില്‍നിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ലാണ് പാര്‍ക്കില്‍ സംസ്കരിക്കാനിരുന്നത്.
ഇതിനായി സെന്‍ട്രല്‍ ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി എന്നീ സ്ഥാപനങ്ങളുടെ സഹായമുണ്ടാകുമെന്നും അറിയിച്ചിരുന്നു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സംവിധാനങ്ങളിലൂടെയാണ് ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയിലിറക്കുകയെന്നും മണിക്കൂറില്‍ അഞ്ചു ടണ്‍ പ്രോസസ് ചെയ്യാവുന്ന അത്യാധുനിക ഉപകരണങ്ങൾ പാര്‍ക്കില്‍ സ്ഥാപിക്കുമെന്നും 300 ദിവസം രണ്ടു ഷിഫ്റ്റുകളിലായി തൊഴില്‍ നല്‍കാനാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.
വര്‍ഷം 24,000 മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനും അതിനെ അരിയാക്കി മാറ്റാനും കഴിയും വിധത്തിലാണ് റൈസ് പാര്‍ക്ക് വിഭാവനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന 5000 മെട്രിക് ടണ്‍ നെല്ലു കേടുകൂടാതെ സംഭരിക്കാനാകും.