ഭരണഘടനാവിരുദ്ധമായ യുജിസി കരട് വിജ്ഞാപനത്തിനെതിരേ രംഗത്തിറങ്ങണമെന്ന്
1494473
Saturday, January 11, 2025 11:22 PM IST
ഹരിപ്പാട്: ഭരണഘടനാവിരുദ്ധമായ യുജിസി കരട് വിജ്ഞാപനത്തിനെതിരായി രംഗത്തിറങ്ങണമെന്ന് സിപിഎം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുജിസി കരട് വിജ്ഞാപനം സംസ്ഥാന സർവകലാശാലകളുടെ നടത്തിപ്പിൽനിന്ന് സംസ്ഥാന സർക്കാരുകളെ പൂർണമായും മാറ്റിനിർത്തുന്ന ഭരണഘടനാവിരുദ്ധ നടപടിയാണ്. സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണവും വൈസ് ചാൻസലറിനെ നിയമിക്കുന്നതും ചാൻസലറെ മാത്രം അധികാരപ്പെടുത്തുന്നതാണ് പുതിയ കരട് വിജ്ഞാപനം. മൂന്നംഗ സെലക്ഷൻ കമ്മിറ്റിയിൽ ചാൻസലർ നിയോഗിക്കുന്ന ആൾ ചെയർമാനും യുജിസി പ്രതിനിധിയെയുംകൂടി ചേർക്കുമ്പോൾ സംഘപരിവാർ നിശ്ചയിക്കുന്നവർ വിസിമാരാകും.
പൊതുവിൽ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി അതത് ഗവർണർമാരെയാണ് സംസ്ഥാന നിയമസഭകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ സൗകര്യം ഉപയോഗപ്പെടുത്തി ഉന്നതവിദ്യാഭ്യാസ രംഗത്തെ പൂർണമായും കൈപ്പിടിയിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ബിജെപി ഗവൺമെന്റ് ഗവർണർ പദവിയെ രാജ്യത്തുടനീളം സംഘപരിവാർ താത്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
സർവകലാശാലയുടെ എല്ലാവിധ പ്രവർത്തനങ്ങളിൽനിന്നും സംസ്ഥാന ഗവൺമെന്റുകളെ പൂർണമായി അകറ്റി അധികാരം മുഴുവൻ കേന്ദ്രം കവരുകയാണ്. ഒരു വിജ്ഞാന സമ്പത്ത് ഘടന ലക്ഷ്യമിട്ട് ഗവേഷണ സ്ഥാപനങ്ങളെയും സർവകലാശാലകളെയും നാടിന്റെ വികസന ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെടുത്തുന്ന കേരളത്തിന്റെ വികസന നീക്കങ്ങളെ തകർക്കുന്നതുമാണ് ഈ നടപടി.
നിലവിലെ യുജിസി നിബന്ധനകൾ അനുസരിച്ച് 10 വർഷത്തിലേറെ പ്രഫസർ തസ്തികയിൽ പ്രവർത്തിച്ച പ്രഗത്ഭമതികളെ മാത്രമെ വിസിമാരായി നിയമിക്കാൻ കഴിയു. എന്നാൽ കരട് വിജ്ഞാപനത്തിൽ വിസിമാരായി നിയമിക്കുന്നവർക്ക് അക്കാദമിക് യോഗ്യതകളെ വേണ്ടതില്ല. വ്യവസായ കോർപറേറ്റ് രംഗത്തുള്ള സംഘപരിവാർ അനുകൂലികർക്ക് പ്രഗത്ഭർ എന്ന മേലങ്കി നൽകി വിസി പദവി എത്തിക്കാനാണ് ഈ ഭേദഗതി. ഇത് സംഘപരിവാർ അനുകൂലികളെ ഉന്നതസ്ഥാനത്ത് എത്തിച്ച് സർവകലാ ശാലകളെ കാവിവത്കരിക്കാനുള്ള കുറുക്കുവഴിയാണെന്നും അതിനാൽ പാർട്ടി ഇതിനെതിരേ ശക്തമായി രംഗത്തുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.