സഹപാഠികൾക്ക് ആത്മവിശ്വാസമേകാൻ ഡോ. ഗോപിനാഥ് മുതുകാട് എത്തി
1494251
Saturday, January 11, 2025 12:21 AM IST
അമ്പലപ്പുഴ: വാഹനാപകടത്തിൽ വിട പറഞ്ഞ വിദ്യാർഥികളുടെ സഹപാഠികൾക്ക് ആത്മവിശ്വാസമേകാൻ പ്രശസ്ത മജീഷ്യൻ ഡോ. ഗോപിനാഥ് മുതുകാട് എത്തി. ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികൾക്കായാണ് ഉണർവ് പകർന്ന് മുതുകാട് എത്തിയത്.
ഡിസംബർ രണ്ടിന് കളർകോട് കെഎസ്ആർടിസി ബസിൽ കാറിടിച്ച് ആലപ്പുഴ മെഡിക്കൽ കോളജിലെ ഒന്നാംവർഷ വിദ്യാർഥികളാണ് തത്ക്ഷണം മരിച്ചത്. മുഹമ്മദ് അബ്ദുൾ ജബ്ബാർ, മുഹമ്മദ് ഇഖ്ബാൽ, ദേവനന്ദൻ, ആയുഷ് ഷാജി, ശ്രീവൽസൻ എന്നിവരാണ് അന്ന് മരണമടഞ്ഞത്.
ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ആൽബിൻ ഡിസംബർ അഞ്ചിനും മരണപ്പെട്ടു. മറ്റ് നാലു വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
പരിക്കേൽക്കാതിരുന്ന ഒരു വിദ്യാർഥി മാത്രമാണ് ഇപ്പോൾ ക്ലാസിലെത്തുന്നത്. അപകടത്തെത്തുടർന്ന് മാനസികമായി തകർന്ന വിദ്യാർഥികൾക്ക് പഠനത്തിൽ ആത്മവിശ്വാസം വളർത്തുന്നതിനായാണ് മോട്ടിവേറ്റർ കൂടിയായ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ക്ലാസ് സംഘടിപ്പിച്ചത്. ഒന്നാംവർഷ വിദ്യാർഥികളടക്കം 170 ഓളം പേർ ഇതിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി അധ്യക്ഷയായിരുന്നു.