പിണറായിക്ക് പുകഴ്ത്തൽ, ഇ.പി. ജയരാജന് വിമർശനം
1494470
Saturday, January 11, 2025 11:22 PM IST
ഹരിപ്പാട്: സിപിഎം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സംഘടനാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പുകഴ്ത്തിയ പ്രതിനിധികൾ മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ രൂക്ഷവിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഇ.പി. ജയരാജൻ വാർത്താസമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി.
കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ ഉചിതമായ നടപടി സ്വീകരിച്ച പാർട്ടി പക്ഷേ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചായസത്കാരത്തിൽ പങ്കെടുത്ത ഇ.പി. ജയറാനെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർത്തി.
മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വോട്ടുചോർച്ചയും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഗൗരവമായി കാണണം.
ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി വേണമെന്നും പ്രതിനിധികൾ സംഘടനാ ചർച്ചയിൽ ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും വിമർശനമുയർന്നു. എന്നാൽ, മന്ത്രി സജി ചെറിയാന്റെ നിലപാടുകളെ പ്രതിനിധികൾ പിന്തുണച്ചു.