ചാവറയച്ചൻ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാർഗദീപം: കുട്ടനാടൻ സാംസ്കാരിക വേദി
1492676
Sunday, January 5, 2025 6:25 AM IST
അന്പലപ്പുഴ: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാർഗദീപമായിരുന്നു ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ എന്ന് കുട്ടനാടൻ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നതിനും പുസ്തക പ്രസിദ്ധീകരണ രംഗത്തും അച്ചടിയുടെ സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നതിലും സാധുജനങ്ങളോടുള്ള പരിപാലനത്തിനും തുടങ്ങി നിരവധി ജനസേവന മാർഗങ്ങളിൽ വഴികാട്ടിയായിരുന്നു ചാവറയച്ചൻ എന്ന് യോഗം അഭിപ്രായപ്പെട്ടു.
കുട്ടനാടൻ സാംസ്കാരിക വേദിയുടെ ആഭിമുഖൃത്തിൽ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ സാംസ്കാരികവേദി ചെയർമാൻ ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല സമ്മേളനം ഉദ്ഘാടനം ചെയ്തു,
ചാവറ അച്ചനെ ആഴത്തിൽ പഠിച്ച സാഹിത്യകാരനായിരുന്നു ബി.ആർ. പ്രസാദ് എന്ന് ഉദ്ഘാടന സമ്മേളനത്തിൽ പ്രദീപ് കൂട്ടാല പറഞ്ഞു. ബി. ആർ. പ്രസാദിന്റെ അനുസ്മരണവും സംഘടിപ്പിച്ചു. അഡ്വ.ബി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മാത്യു ചെറുപറമ്പൻ, ആശ കൃഷ്ണാ ലയം, ഹക്കീം മുഹമ്മദ് രാജാ, കെ. മിനിമോൾ പുന്നപ്ര, സന്തോഷ് മാത്യൂസ്, ലൈസമ്മ ബേബി എന്നിവർ പങ്കെടുത്തു