പ്രൗഢപാരന്പര്യത്തിൽ ചങ്ങനാശേരി അതിരൂപത മെഗാ മാര്‍ഗംകളി പുതുചരിതമായി
1492668
Sunday, January 5, 2025 6:25 AM IST
ചങ്ങനാശേരി: കലാ-സാംസ്കാരിക പാരമ്പര്യങ്ങളുടെ കലവറയായ അഞ്ചുവിളക്കിന്റെ നാട്ടില്‍ അതിരൂപത മാതൃവേദി ഒരുക്കിയ മെഗാ മാര്‍ഗംകളി വിസ്മയ ചരിതമായി. മെഗാ മാര്‍ഗംകളിയെന്ന മാതൃവേദി പ്രവർത്തകരുടെ നീണ്ടനാളത്തെ സ്വപ്നമാണ് എസ്ബി കോളജ് മൈതാനത്ത് ഇന്നലെ സഫലമായത്.
1840 അമ്മമാരെ ചിട്ടയായ പരിശീലനത്തിലൂടെ അണിനിരത്താന്‍ കഴിഞ്ഞുവെന്നത് ചങ്ങനാശേരി അതിരൂപതയ്ക്കും മാതൃവേദി പ്രസ്ഥാനത്തിനും തികഞ്ഞ ആത്മാഭിമാനത്തിന്റെ നിമിഷമായി. 10 മിനിറ്റ് 45സെക്കൻഡ് നീണ്ട മാർഗംകളി ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചെന്നതും അതിരൂപതയിലെ മാതൃവേദി പ്രസ്ഥാനത്തിന് പുത്തന്‍ ഉണര്‍വായി.
അതിരൂപതയിലെ 18 ഫൊറോനകളിലെ 250തോളം യൂണിറ്റുകളിലെ മാതൃവേദി യൂണിറ്റുകളെ കോര്‍ത്തിണക്കി സംഘടിപ്പിച്ച മാര്‍ഗംകളിക്ക് നിയതമായ പരിശീലനം നല്‍കിയത് ചെത്തിപ്പുഴ ഇടവകാംഗമായ പള്ളിക്കുന്നേല്‍ ടോമി ചാക്കോ എന്ന പരിശീലകനാണ്.
മാതൃവേദി പ്രസിഡന്റ് ബീനാ ജോസഫ്, പിതൃവേദി പ്രസിഡന്റ് ജിനോദ് ജോസഫ്, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിശ്ചയദാര്‍ഢ്യമാണ് മെഗാമാര്ഗംകളിയെ അഭിമാനതരംഗമാക്കി വാനോളം ഉയര്‍ത്തിയത്. വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ പ്രതിനിധികൾക്കുമൊപ്പം ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിനാളുകൾ കത്തിയെരിയുന്ന ചൂടിനെ അവഗണിച്ച് മെഗാ വിസ്മയത്തിന് സാക്ഷികളായി.