ലോറിയിൽ പോത്തുകളെ മോഷ്ടിച്ചു കടത്തുന്നയാൾ അറസ്റ്റിൽ
1492814
Sunday, January 5, 2025 10:38 PM IST
കായംകുളം: വീടിനു സമീപത്തു നിന്നു പോത്തുകളെ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കായംകുളം ചിറക്കടവം സ്വദേശിയായ ഷാജിയുടെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന രണ്ടു പോത്തുകളെ മോഷ്ടിച്ച കേസിലാണ് നിലമ്പൂർ തിരുവാലി പത്തിരിയാൽ ചക്കരക്കുന്ന് കുഴിപ്പള്ളി വീട്ടിൽ അലി (51) യെ കായംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 13ന് രാത്രിയിലാണ് ഷാജിയുടെ പോത്തുകളെ കായംകുളം ബോട്ട് ജെട്ടിക്ക് സമീപം ഷാജിയുടെ വീടിന് അടുത്തുള്ള പറമ്പിൽ നിന്ന് അലി ലോറിയിൽ കടത്തിക്കൊണ്ടു പോയത്.
ഇയാൾ ആലുവ വെസ്റ്റ്, മേട്ടുപ്പാളയം, തലശ്ശേരി, അരൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, ശരത്, പോലീസുകാരായ അഖിൽ മുരളി, ഷിബു, പ്രവീൺ, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.