ആനുകൂല്യങ്ങൾ ലഭിച്ചില്ല; ജയശ്രീയുടെ ഒറ്റയാൾ സമരം
1492677
Sunday, January 5, 2025 6:25 AM IST
അന്പലപ്പുഴ: ക്ഷീരോത്പാദക സഹകരണ സംഘത്തിൽനിന്ന് വിരമിച്ച ജീവനക്കാരിക്ക് ആനുകൂല്യങ്ങൾ നൽകിയില്ല. സഹകരണ സംഘത്തിന് മുന്നിൽ ജീവനക്കാരിയുടെ ഒറ്റയാൾ സമരം. കരുമാടി ഉപാസനയിൽ ജയശ്രീയാണ് തകഴി ക്ഷീരോത്പാദക സഹകരണ സംഘത്തിനു മുന്നിൽ ഒറ്റയാൾ സമരം നടത്തിയത്. തകഴി എ.186 (ഡി ) ആപ്കോസിൽ പ്രൊക്യുവർ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന ജയശ്രീ 2022 ഏപ്രിൽ 30നാണ് വിരമിച്ചത്. വിരമിച്ച ശേഷവും സംഘം കമ്മിറ്റി പ്രസിഡന്റിന്റെ നിർദേശപ്രകാരം 15 ദിവസം താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്തു.
സെക്യൂരിറ്റി തുകയായ 4,331 രൂപയും ദിവസവേതനത്തുകയായ 3000 രൂപയും ഉൾപ്പടെയുള്ള തുക ലഭിക്കുന്നതിനായി 2022 ജൂൺ 14ന് സംഘം സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. പിന്നാലെ പല തവണ നേരിട്ടു കണ്ടും തുകയാവശ്യപ്പെട്ടു. ഓഡിറ്റ് ന്യൂനതയുള്ളതിനാൽ തുക നൽകാൻ കഴിയില്ലെന്ന മറുപടിയാണ് സെക്രട്ടറി നൽകിയത്.
എന്നാൽ, എന്തു ന്യൂനതയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ട് അതും ലഭിച്ചിരുന്നില്ലെന്ന് ജയശ്രീ പറയുന്നു. പരാതിയെത്തുടർന്ന് തുക നൽകണമെന്ന് ഡയറി എക്സ്റ്റൻഷൻ ഓഫീസർ, ആലപ്പുഴ ഡപ്യുട്ടി ഡയറക്ടർ, ഡയറക്ടർ എന്നിവർ സംഘം സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടും ഇതുവരെ തുക ലഭിച്ചിട്ടില്ല. തുടർന്ന് ലേബർ ഓഫീസർക്ക് ജയശ്രീ പരാതി നൽകി. ഇതിന് പിന്നാലെയാണ് ക്ഷീരോത്പാദക സഹകരണ സംഘത്തിനു മുന്നിൽ പ്ലക്കാർഡുമേന്തി ഒറ്റയാൾ സമരം നടത്തിയത്.
കൺസ്യൂമർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കുസുമം സോമൻ, ജില്ലാ കമ്മിറ്റിയംഗം ചമ്പക്കുളം രാധാകൃഷ്ണൻ, പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ഉത്തമൻ അമ്പലപ്പുഴ, മനുഷ്യാവകാശ സമിതി ജില്ലാ കമ്മിറ്റിയംഗം സുരേഷ്, തകഴി വികസനസമിതി സെക്രട്ടറി ബൈജു നാറാണത്ത്, സുരേന്ദ്രൻ കരുമാടി തുടങ്ങിയവർ സമരത്തിന് പിന്തുണയർപ്പിച്ച് എത്തിയിരുന്നു.