ലഹരി ഉപയോഗത്തെ മന്ത്രി സജി ചെറിയാൻ പ്രോത്സാഹിപ്പിക്കുന്നു: കെ സി വേണുഗോപാൽ എംപി
1492816
Sunday, January 5, 2025 10:38 PM IST
ആലപ്പുഴ: ലഹരി ഉപയോഗത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നതാണ് മന്ത്രി സജി ചെറിയാന്റെ പരാമർശമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സാംസ്കാരിക മന്ത്രിയുടെ ഭാഗത്തുനിന്ന് വരാൻ പാടില്ലാത്ത പരാമർശമാണ് സജി ചെറിയാന്റേത്.
ലഹരിക്കെതിരെ എല്ലാരും യോജിച്ചുനിന്നു പോരാടുകയാണ് വേണ്ടത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന മന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി ലഹരി ഉപയോഗം വളരുകയാണ്. എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രധാന കാരണം ലഹരി ഉപയോഗമാണ്.
ലഹരി മാഫിയ കേരളത്തിൽ തഴച്ചു വളരുകയാണ്. അതിനെതിരെ നടപടിയെടുക്കേണ്ട സർക്കാരിലെ മന്ത്രി തന്നെ പരോക്ഷമായി ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചത് ദൗർഭാഗ്യകരമാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. നേതാക്കൾ സാമുദായിക സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. കോൺഗ്രസ് ഒറ്റക്കെട്ടായിട്ടാണ് പ്രവർത്തിക്കുന്നത്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആരെയും മാറ്റിനിർത്തില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
വാർത്ത നൽകിയതിന്റെ പേരിൽ യു. പ്രതിഭ എംഎൽഎ മാധ്യമപ്രവർത്തകന്റെ മതം പറഞ്ഞ് ആക്ഷേപിച്ച നടപടി ശരിയല്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വാർത്തയെ വിമർശിക്കാം. പക്ഷേ പറയേണ്ട രീതിയിൽ പറയണം. മതം വലിച്ചിഴക്കുന്നതെന്തിനാണ്? വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മോശമായ രീതിയാണെന്നും കെ .സി വേണുഗോപാൽ പറഞ്ഞു.