ഉപ്പുവെള്ളത്തിൽ മുങ്ങി വീടും പറമ്പും; പ്രഹസനമായി ബണ്ട് സ്ഥാപിക്കൽ
1492681
Sunday, January 5, 2025 6:25 AM IST
പൂച്ചാക്കൽ: ഉപ്പുവെള്ളം വീടുകളിലും ക്യഷിയിടങ്ങളിലും കയറിയത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. തൈക്കാട്ടുശേരി, പാണാവള്ളി, പള്ളിപ്പുറം, പെരുമ്പളം എന്നീ തീരദേശ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലാണ് ഉപ്പുവെള്ളം കയറിയത്.
പതിവില്ലാത്ത വിധം ജനുവരിയുടെ തുടക്കത്തിൽ തന്നെ തോടുകളിൽ ഉപ്പുവെള്ളം കയറിത്തുടങ്ങിയതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. വേമ്പനാട്ടു കായൽ ചെറുകായലിലും തോടുകളിലും ഉപ്പുവെള്ളം നിറഞ്ഞതിനാലാണ് സമീപ പ്രദേശത്തെ വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയത്.
അതിരാവിലെ മുതൽ വെള്ളം കയറി വരുന്നതിനാൽ നേരിടാൻ പറ്റാത്ത അവസ്ഥയാണ്. തീരപ്രദേശത്തെ ഭൂരിഭാഗം വീടുകളുടെ അകത്തുവരെ വെള്ളം കയറി. വീട്ടുമുറ്റത്തെയും സമീപ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറി. ജനുവരി അവസാനം മുതൽ ഏപ്രിൽ വരെ കടൽ വെള്ളം തോടുകളിലും കയറുന്നതു സ്വാഭാവികമാണെങ്കിലും ജനുവരി ആരംഭത്തിൽ തന്നെ പല തോടുകളി വൻതോതിൽ ഉപ്പ് വെള്ളം കയറിയിരിക്കുകയാണ്. ഇതു കൃഷിനാശത്തിനു വഴിവയ്ക്കുന്നു. കിണർ വെള്ളത്തിൽ ഉപ്പുവെള്ളം കലരാനും ഇടയാകുന്നു. തോടുകളിൽ വെള്ളം കുറയുന്നത് അനുബന്ധിച്ചാണു കായലിൽ നിന്നും വെള്ളം തോടുകളിലേക്ക് എത്തുന്നത്.
പഞ്ചായത്തിന്റെ അനാസ്ഥ
വേലിയേറ്റ സമയത്ത് കായലിൽനിന്നും തോടുകളിലെക്ക് ഒഴുകി എത്തുന്ന ഉപ്പുവെള്ളം വീടുകളിലും കൃഷി ഇടങ്ങളിലും എത്താതിരിക്കാൻ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും തോടിനു കുറുകെ ചെറിയ ബണ്ടുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. എന്നാൽ, ഉപ്പുവെള്ളം വീട്ടുപടിക്കൽ എത്തിയിട്ടും തൈക്കാട്ടുശേരി പഞ്ചായത്ത് അധികൃതർ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.
എല്ലാവർഷവും കരാർ അടിസ്ഥാനത്തിൽ ബണ്ടുകൾ നിർമിക്കുന്നതിന് വൻ തുക ചിലവാക്കുന്നുണ്ട്.വിട്ടുമുറ്റത്തും കൃഷിയിടത്തും ഉപ്പുവെള്ളം കയറിയതിനാൽ ഇനി ബണ്ടുകൾ സ്ഥാപിച്ചാലും ലക്ഷ്യം കാണില്ല. പൂച്ചാക്കൽ മാർക്കറ്റിൻ്റെ സമീപത്തെ തോട്, വേമ്പനാട്ടു കായലിനോട് ചേർന്നുകിടക്കുന്ന നാട്ടുതോടിലൂടെയാണ് വേലിയേറ്റസമയത്ത് ഉപ്പുവെള്ളം കരയിലേക്കു കയറുന്നത്.
ഒന്നര കിലോമീറ്റർ ദൈർഘ്യമാണ് തോടിനുള്ളത്. വർഷങ്ങളായി നടക്കുന്ന കൈയേറ്റത്തത്തുടർന്ന് തോടിന്റെ വീതി ക്രമാതീതമായി കുറഞ്ഞെന്ന് നാട്ടുകാർ പറയുന്നു. വേലിയേറ്റ സമയത്ത് കയറുന്ന ഉപ്പുവെള്ളം ഇടവിള കൃഷിയെ പൂർണമായും നശിപ്പിക്കുന്നു.ഇപ്പോൾ ഇവിടെ ഒരു വാഴ പോലും നടാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നു.