നിയമവിരുദ്ധ മീൻപിടിത്തം: രണ്ടുപേർ പിടിയിൽ
1492819
Sunday, January 5, 2025 10:38 PM IST
മങ്കൊമ്പ്: നിരോധിത മത്സ്യബന്ധനം തടയാൻ ഫിഷറീസ് വകുപ്പ് നടത്തിയ നടത്തിയ രാത്രി പട്രോളിംഗിൽ വിഷം കലർത്തി മത്സ്യബന്ധനം നടത്തിയതിനു രണ്ടു പേരെ പിടികൂടി.
കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെ വെളിയനാട് വെള്ളിസ്രാക്കക്കു കിഴക്കുവശത്തായി മണിമലയാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ മത്സ്യബന്ധനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാത്രി എട്ടു മുതൽ ആരംഭിച്ച പട്രോളിംഗ് പിറ്റേന്ന് രാവിലെ 6.15 വരെ നീണ്ടു നിന്നു. ഇവരിൽ നിന്ന് ഒരു എൻജിൻ വള്ളം, വിഷവസ്തുക്കൾ, വലകൾ എന്നിവ പിടിച്ചെടുത്തു.
വിഷവസ്തുക്കൾ കിഴി കെട്ടി രീതിയിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇവർ പിടിച്ച മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ കുഴിച്ചുമൂടി. വെളിയനാട് സ്വദേശികളായ കല്ലുപുരക്കൽ സന്തോഷ്, പള്ളിച്ചിറ വീട്ടിൽ കുര്യൻ ഔസേഫ് എന്നിവരാണ് പിടിയിലായത്. മാന്നാർ ഫിഷറീസ് സബ് ഇൻസ്പെക്ടർ എം. ദീപു, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ഷോൺ ഷാം, കെ.എച്ച്. അരുൺ ദാസ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.