38 വർഷത്തെ കാത്തിരിപ്പിനു വിരാമം; കരമടച്ച് സത്യാനന്ദൻ
1492669
Sunday, January 5, 2025 6:25 AM IST
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ മന്ത്രി സജി ചെറിയാന്റെ കൈയിൽനിന്ന് ബാബു സത്യാനന്ദൻ തന്റെ അച്ഛന്റെ പേരിൽ 1986 ൽ പ്രമാണം ചെയ്ത സ്ഥലത്തിന് ആദ്യമായി കരമടച്ച രസീത് ഏറ്റുവാങ്ങുമ്പോൾ കണ്ണു നിറഞ്ഞിരുന്നു. 38 വർഷത്തെ കാത്തിരിപ്പിനാണ് അദാലത്ത് വിരാമമിട്ടത്.
അയ്യംപറമ്പ് വീട്ടിൽ സത്യാനന്ദൻ 1986ൽ സ്വകാര്യ വക്തിയുടെ കൈയിൽനിന്ന് പഴവീട് വില്ലേജ് പരിധിയിൽനിന്ന് അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. തണ്ടപ്പേരിലെ സാങ്കേതികപ്രശ്നം പറഞ്ഞ് കരമടയ്ക്കാൻ അനുവദിച്ചിരുന്നില്ല. ബാബു പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ സത്യാനന്ദന്റെ പരാതി പരിഗണിക്കുകയും രേഖകൾ പരിശോധിച്ചതിനുശേഷം സത്യാനന്ദനിൽനിന്ന് കരം സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. വർഷങ്ങളായി കരമടയ്ക്കാൻ സാധിക്കാതിരുന്ന അഞ്ചു പേർക്കാണ് അദാലത്തിൽ അപേക്ഷിച്ചതിനെത്തുടർന്ന് കരമൊടുക്കി രസീത് കൈപ്പറ്റാൻ സാധിച്ചത്.