പ്രൊവിഡന്റ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട്: പോലീസ് അന്വേഷണം തുടങ്ങി
1492822
Sunday, January 5, 2025 10:39 PM IST
ചേര്‍ത്തല: മലബാര്‍ സിമന്റ്സ് പളളിപ്പുറം യൂണിറ്റിലെ തൊഴില്‍ നടത്തിപ്പു ചുമതലവഹിക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ സാമ്പത്തിക ക്രമക്കേടെന്ന പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സംഘത്തിലെ അംഗങ്ങളായ തൊഴിലാളികള്‍ ചേര്‍ത്തല എഎസ്പിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. സംഘത്തിന്റെ 2021-നു മുമ്പുള്ള ഭരണകാലത്തെ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് തുകയടക്കുന്നതിലടക്കം വീഴ്ചയുണ്ടായതായാണ് ആരോപണം.
പ്രാഥമികമായി നാലുതൊഴിലാളികളുടെ പിഴയടക്കമുള്ള പ്രൊവിഡന്റ് ഫണ്ട് വിഹിതമായ 1,94,346 രൂപയടച്ചിട്ടില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംഘത്തിലെ മറ്റ് 35 തൊഴിലാളികളും തങ്ങളുടെ വിഹിതത്തിന്റെ അടവില്‍ വിശദപരിശോധന ആവശ്യപെട്ടിരിക്കുകയാണ്. 2016 ജനുവരി ഒന്നു മുതല്‍ 2017 ഏപ്രില്‍വരെയുള്ള വിഹിതം അടച്ചതിലാണ് ക്രമക്കേടെന്നു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൊഴിലാളികളുടെ കൂലി ഇപിഎഫ്, ഇഎസ്ഐ, ജിഎസ്ടി, ഐജിഎസ്ടി എന്നിവ മുന്‍കൂട്ടി പിടിച്ച ശേഷമാണ് സംഘം ശമ്പളമായി നല്‍കിവരുന്നത്.
ഇതിനു പുറമെ 2021 നുശേഷം വന്ന ഭരണസമിതി പത്തുലക്ഷത്തിനു മേല്‍ സംഘാംഗങ്ങളായ തൊഴിലാളികള്‍ക്കു ലാഭവിഹിതമായി നല്കിയപ്പോള് പഴയ ഭരണസമിതി ഒരു ആനുകൂല്യവും നല്‍കിയിരുന്നില്ലെന്ന പരാതിയും തൊഴിലാളികള്‍ പോലീസിനുമുന്നില്‍ നിരത്തിയിട്ടുണ്ട്.
58 വയസു തികഞ്ഞ നാലു ശുചീകരണ തൊഴിലാളികള്‍ പൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോളാണ് സംശയകരമായ സാഹചര്യം കണ്ടെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
തൊഴിലാളികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തില്‍ നിന്നും മലബാര്‍ സിമന്റ് മാനേജ്മെന്റ് ഒഴിഞ്ഞ സാഹചര്യത്തിലാണ് 2015 മുതല്‍ തൊഴിലാളി സംഘം പ്രവര്‍ത്തനം തുടങ്ങി തൊഴില്‍ നടത്തിപ്പു ചുമതല ഏറ്റെടുത്തത്. ആദ്യകാലത്ത് 80 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 38 ആയി കുറഞ്ഞിട്ടുണ്ട്.ഇവരാണ് അന്വേഷണവും നടപടിയും ആവശ്യപെട്ട് പോലീസിനെയും സഹകരണവകുപ്പിനെയും സമീപിച്ചിരിക്കുന്നത്.