അമ്പലപ്പുഴ ക്ഷേത്രോപദേശക സമിതി പിരിച്ചുവിടണമെന്ന ആവശ്യം ശക്തം
1492673
Sunday, January 5, 2025 6:25 AM IST
അന്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോപദേശക സമിതി പിരിച്ചുവിടണമെന്ന ആവശ്യം ഭക്തർക്കിടയിൽ ശക്തമാകുന്നു. ഉപദേശക സമിതി പിരിച്ചുവിട്ട് പന്ത്രണ്ട് കളഭ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
13 അംഗ ഉപദേശക സമിതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ വൈസ് പ്രസിഡന്റിനും നിലവിൽ താൽക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കമ്മിറ്റിയംഗത്തിനും കളഭ നടത്തിപ്പിനായി ദേവസ്വം ബോർഡ് ചുമതല കൈമാറിയിരുന്നു.
എന്നാൽ, ഇതിനെതിരേ മറ്റ് 10 കമ്മിറ്റിയംഗങ്ങൾ ദേവസ്വം ബോർഡിനെ സമീപിച്ചിരിക്കുകയാണ്. ഈ കമ്മിറ്റിയംഗങ്ങൾ കൂടി കഴിഞ്ഞ ദിവസം സമാന്തര ഉപദേശക സമിതിയേയും തെരഞ്ഞെടുത്തിരുന്നു. ഏതാനും ആഴ്ച മുൻപ് ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാറും മറ്റൊരു കമ്മിറ്റിയംഗമായ വേണുഗോപാലും ചേർന്ന് ഉപദേശക സമിതി ഓഫീസും അലമാരയും കുത്തിപ്പൊളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രസിഡന്റ് കെ. കവിത സെക്രട്ടറിക്കെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതോടെ കമ്മിറ്റിയംഗങ്ങൾ രണ്ട് ചേരിയായി മാറുകയായിരുന്നു.
കളഭ നടത്തിപ്പിനായി ദേവസ്വം ബോർഡെടുത്ത താത്കാലിക സംവിധാനത്തെ മറ്റ് 10 അംഗങ്ങൾ അംഗീകരിക്കാതെ മുന്നോട്ടു പോകുകയാണ്. ഭക്തിയുടെ പേരിൽ രാഷ്ട്രീയ പ്രകടനം കാണിക്കാനുള്ള വേദിയാക്കി അംഗങ്ങൾ ക്ഷേത്രത്തെ മാറ്റിയെന്നാണ് ഭക്തരുടെ ആരോപണം. ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭ മഹോത്സവം ഈ മാസം 14ന് തുടങ്ങി 25ന് അവസാനിക്കുകയാണ്. ഇതിനിടയിലാണ് ഉപദേശക സമിതിയംഗങ്ങൾക്കിടയിൽ തർക്കം രൂക്ഷമായിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഉപദേശക സമിതി പിരിച്ചുവിട്ട് കളഭ നടത്തിപ്പിനായി അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ ദേവസ്വം ബോർഡ് തയാറാകണമെന്നാണ് ഭക്തരുടെ ആവശ്യം. കളഭത്തിന് ശേഷം പുതിയ ഉപദേശക സമിതിയെ തെരഞ്ഞെടുത്ത് ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ക്ഷേത്രത്തിനെ ഇത്രയേറെ കളങ്കപ്പെടുത്തിയ മറ്റൊരു ഉപദേശക സമിതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഭക്തർ പറയുന്നു.