നൂറനാട് സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ അക്രമം: ഗുണ്ടാ നേതാവ് അറസ്റ്റിൽ
1492813
Sunday, January 5, 2025 10:38 PM IST
ചാരുംമൂട് : നൂറനാട് ആശാൻ കലുങ്കിനു സമീപം സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പിൽ വീട്ടിൽ ഹാഷിമി(35) നെ ആണ് നൂറാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മദ്യലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഗുണ്ടാ നേതാവിന് ഭക്ഷണം വിളമ്പിക്കൊടുത്ത ഹോട്ടലുടമയുടെ ബന്ധുവായ ചെറുപ്പക്കാരനെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതു കണ്ടു തടയാൻ ശ്രമിച്ച ഹോട്ടൽ ഉടമയായ സ്ത്രീയെ ഇയാൾ ക്രൂരമായി മർദ്ദിച്ചു.
ഹോട്ടലിനുള്ളിലും അടുക്കളയിലും കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത ശേഷം ഇയാൾ കാറില്‍ കടന്നതായി പോലീസ് പറഞ്ഞു.
2006 മുതൽ നൂറനാട്, അടൂർ, ശാസ്താംകോട്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 22 ഓളം കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും വീടുകയറി അക്രമം, കൊലപാതകശ്രമം, കഞ്ചാവ് കടത്ത്, ഭവനഭേദനം, ആയുധങ്ങളുമായി അക്രമം തുടങ്ങി വിവിധതരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ട ഇയാളെ കാപ്പാ നിയമ പ്രകാരം എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് ജില്ലയില്‍ നിന്നു നാടുകടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
കാപ്പാ നടപടിയുടെ സമയപരിധി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇയാൾ വീണ്ടും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്നു.
ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനില്‍ 2018 ൽ രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റിലായ ഹാഷിമിനെതിരേ നൂറനാട് എക്സൈസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020ൽ ശാസ്താംകോട്ട പാകിസ്ഥാന് മുക്കില്‍ രജനീഷ് എന്നയാളെ വാളുകൊണ്ട് വെട്ടി മാരകമായി പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മുഖംമൂടി ആക്രമണ കേസിലും ഇയാൾ പ്രധാന പ്രതിയാണെന്ന് പോലീസ് പറഞ്ഞു
ഹോട്ടലിലെ അതിക്രമത്തിനു ശേഷം ജില്ല വിട്ടുപോകാൻ ശ്രമിച്ച ഇയാളെ നൂറനാട് എസ്ഐ എസ് നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി ആദിക്കാട്ടുകുളങ്ങരയില്‍ നിന്നു അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചു വന്ന കാറും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി. ഇയാൾക്കെതിരെ കാപ്പാ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതാണന്ന് പോലീസ് അറിയിച്ചു .