നൂറനാട് ലെപ്രസി സാനിറ്റോറിയം സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തും: മന്ത്രി വീണാ ജോർജ്
1492679
Sunday, January 5, 2025 6:25 AM IST
ചാരുംമൂട്: നൂറനാട് ലെപ്രസി സാനിറ്റോറിയം ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിൽ നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ 23 കോടി രൂപ വിനിയോഗിച്ച് നിർമിച്ച പുരുഷ- വനിത വാർഡുകളുടെ ഉദ്ഘാടനവും സിമെറ്റ് നഴ്സിംഗ് കോളജിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സാനിട്ടോറിയം ഒരു കാലഘട്ടത്തിൽ എത്രയോ മനുഷ്യരുടെ ജീവിതങ്ങളെ ചേർത്തു പിടിച്ച സ്ഥാപനമാണ്. ഇതിനെ അടുത്ത തലത്തിലേക്കു കൊണ്ടുവരികയാണ് സർക്കാർ ശ്രമം. ബോർഡ് മാറ്റലല്ല പൂർണ സജ്ജീകരണങ്ങൾ നടത്തി ഈ വർഷം തന്നെ സ്പെഷാലിറ്റി ആശുപത്രി സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സാനിട്ടോറിയത്തിൽ ആരംഭിച്ചിട്ടുള്ള സിമെറ്റ് നഴ്സിംഗ് കോളജ് സർക്കാർ സംവിധാനത്തിലും ആരോഗ്യവകുപ്പിൻ കീഴിലുമുള്ള സ്ഥാപനമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സ്വകാര്യ സ്ഥാപനമല്ല. 491 സീറ്റുകൾ ഉണ്ടായിരുന്നിടത്ത് സർക്കാർ ഇടപെടലിലൂടെ ഏഴു കോളജുകൾകൂടി വന്നതോടെ 1200 ലധികം മെറിറ്റ് സിറ്റുകളായി മാറിയത് കുട്ടികൾക്കു നാട്ടിൽത്തന്നെ പഠനം നടത്താൻ അവസരമുണ്ടാക്കിയതായും മന്ത്രി പറഞ്ഞു.
രാജ്യത്ത് ശിശുമരണ നിരക്ക് കുറവുള്ളതും ആയുർ ദൈർഘ്യമുള്ളവരും കേരളത്തിലാണെന്നും മന്ത്രി കുട്ടിച്ചേർത്തു. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രജനി, ഇന്ദിരാ ദാസ് , പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. വിനോദ്, സ്വപന സുരേഷ്, ഡോ.കെ. മോഹൻ കുമാർ, അഡ്വ.കെ.അർ. അനിൽകുമാർ, ഡി. രോഹിണി, ഷീബ സതീഷ്, ഡിഎംഒ ഡോ. ജമുന വർഗീസ്, സിമെറ്റ് ഡയറക്ടർ ആശ എസ്. കുമാർ, ജില്ലാ വനിത -ശിശുവികസന ഓഫീസർ വി.എസ്. ഷിംന, സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ്, മുൻ സൂപ്രണ്ട് ഡോ.പി.വി. വിദ്യ, സിമെറ്റ് പ്രിൻസിപ്പൽ ഡോ. ലതാ ദാമോദരൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എംഎൽഎ ഫണ്ടിൽനിന്നു 2.60 ലക്ഷം വിനിയോഗിച്ച് വാങ്ങിയ ഫുൾ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഡന്റൽ ചെയർ ഉദ്ഘാടനവും എംഎൽഎഎസ്ഡിഎഫിൽനിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് കയർ കോർപറേഷനിൽനിന്ന് മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കുമായി വാങ്ങിയ ബഡുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.