നെല്ലുവില 40 രൂപയെങ്കിലുമാക്കി ഉയർത്താൻ കേന്ദ്രം സന്മനസ് കാണിക്കണം: മന്ത്രി പി. പ്രസാദ്
1492820
Sunday, January 5, 2025 10:38 PM IST
അന്പലപ്പുഴ: കർഷകൻ അവന്റെ കർമം കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിശക്കാതെയിരിക്കുന്നത്. അതിനാൽ നെല്ലുവില 40 രൂപയെങ്കിലുമാക്കി ഉയർത്താൻ കേന്ദ്രം സന്മനസ് കാണിക്കണമെന്ന് മന്ത്രി പി. പ്രസാദ്. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎൽഡിസി) 1.30 കോടി രൂപ ചെലവിൽ പുർത്തിയാക്കുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസന നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളം പോലൊരു സംസ്ഥാനത്ത് നെൽകൃഷി നടത്തുന്നതിന്റെ പ്രത്യേകതകൾ മനസിലാക്കി അതിന് അനുസൃതമായ സഹായം ലഭ്യമാക്കുകയാണ് വേണ്ടത്. വിപണിയിൽ എത്തുന്ന ഏത് ഉൽപന്നത്തിന്റെയും വിപണി വില ഉൽപാദകന് തിരുമാനിക്കാമെന്നിരിക്കെ കർഷകൻ ഉൽപാദിപ്പിക്കുന്ന നെല്ലിന് വിപണി വില നിശ്ചയിക്കാൻ അവന് അവകാശമില്ല എന്നത് വിരോധാഭാസമാണ്. അതിനാൽ നെൽകർഷകന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാൻ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
പാടത്തിന്റെ തെക്കേപുറം ബണ്ടിൽ 500 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തി, 500 മീറ്റർ നീളം തോടിന്റെ ആഴം കൂട്ടൽ, നിലവിലുള്ള ബണ്ടിന്റെ ഉയരം വർധിപ്പിക്കൽ എന്നിവയാണ് ഒരു വർഷം കൊണ്ട് പൂർത്തിയാക്കുക.
പോട്ടത്തറ പാലത്തിനു സമീപം ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. കെഎൽഡിസി ചെയർമാൻ പി. വി. സത്യനേശൻ, ജില്ലാപഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ദീപ, സ്ഥിരം സമിതി അധ്യക്ഷൻ പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. ആർ. അശോകൻ, നാലുപാടം പാടശേഖര സമിതി സെക്രട്ടറി ഡി. സതീശൻ, നാനേകാട് പാടശേഖര സമിതി സെക്രട്ടറി എസ്. അനിൽ തോട്ടങ്കര, അസിസ്റ്റന്റ് എൻജിനീയർ എസ്. പാർവതി എന്നിവർ പ്രസംഗിച്ചു. പ്രോജക്ട് എൻജിനിയർ എസ്. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് സ്വാഗതം പറഞ്ഞു.