ചെങ്ങന്നൂരിൽ വീണ്ടും കാട്ടുപന്നികളിറങ്ങി : ജനം ആശങ്കയിൽ
1486722
Friday, December 13, 2024 5:07 AM IST
ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്ത് വീണ്ടും കാട്ടുപന്നികളിറങ്ങിയത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു. നഗരമധ്യത്തെ ബഥേൽ, പാണ്ഡവൻപാറ വാർഡുകളിലായിട്ടാണ് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നികളിറങ്ങിയത്. ഏതാനും ദിവസം മുൻപ് ബഥേൽ വാർഡിലെ കല്ലുവരമ്പ് ഭാഗത്ത് കാട്ടുപന്നികളെ കൂട്ടത്തോടെ കണ്ടിരുന്നു.
പേരിശേരിയിലും കാട്ടുപന്നിയിറങ്ങി.നഗരത്തോടു ചേർന്ന പ്രദേശങ്ങളിലേക്കുകൂടി കാട്ടുപന്നിയുടെ ശല്യമായി. പാണ്ഡവൻപാറ ഭാഗത്ത് കാടുകയറിക്കിടക്കുന്ന പുരയിടങ്ങളിലാണ് ഇവ വാസമുറപ്പിച്ചിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പുരയിടങ്ങൾ വെട്ടിത്തെളിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടപ്പോൾ റോഡരികിലെ കാടുകൾ മാത്രമാണ് തെളിച്ചത്.
പുരയിടങ്ങളുടെ ഉള്ളിലേക്കുള്ള ഭാഗങ്ങൾ തെളിച്ചിട്ടില്ല. കാട്ടുപന്നിശല്യം വർധിച്ച സാഹചര്യത്തിൽ വെട്ടിത്തെളിക്കാത്ത പുരയിടങ്ങൾ നഗരസഭ തെളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനു ചെലവാകുന്ന തുക വസ്തു ഉടമകളിൽനിന്ന് ഈടാക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞു.
ആവശ്യമുണ്ടെങ്കിൽ കാട്ടുപ ന്നികളെ വെടിവയ്ക്കാൻ ഷൂട്ടർമാരെയും ഏർപ്പെടുത്തും. ചെങ്ങന്നൂർ മേഖലയിൽ ആദ്യം മുളക്കുഴയിലായിരുന്നു കാട്ടുപന്നിശല്യം തുടങ്ങിയത്.
ഇപ്പോൾ വെണ്മണി, ചെറിയനാട്, ആലാ പഞ്ചായത്തുകളിൽ വ്യാപകമാണ്. വലിയതോതിൽ കൃഷിയും നശിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂർ നഗരഹൃദയത്തിലും പുലിയൂർ പഞ്ചായത്തിലും സമീപകാലത്താണ് കാട്ടുപന്നിശല്യം തുടങ്ങിയത്.