കായംകുളം താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം
1467176
Thursday, November 7, 2024 5:06 AM IST
കായംകുളം: താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എച്ച് എംസി യോഗങ്ങളിൽ നിരവധി തവണ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരെയും അപകടമരണത്തിൽപ്പെടുന്നവരെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിക്കുമ്പോൾ പോലീസ് സർജൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയാണ് പതിവ്.
ഇത് മരണപ്പെടുന്നവരുടെ ബന്ധുക്കളെ ഉൾപ്പെടെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിക്കുന്നവരുടെ എണ്ണം കായംകുളം മേഖലയിൽ കൂടിവരികയാണ്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി മരണപ്പെട്ടാൽ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിൽ കൊണ്ടുപോകുക പതിവാണ്.
ഇത്തരത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ പരിശോധിക്കുന്ന ഡോക്ടർ വിസമ്മതിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്യും. പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കാവൂ എന്നാണ് നിയമം.
മരണത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്ത് എന്താണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തണമെന്നുമാണ് നിയമം. എന്നാൽ, കായംകുളം താലൂക്ക് ആശുപത്രിയിൽ പോലീസ് സർജൻ ഇല്ലാത്തതിനാൽ ഇത്തരം ഘട്ടങ്ങളിൽ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ കൊണ്ടുപോകേണ്ട സ്ഥിതിയാണുള്ളത്.
കായംകുളം നഗരസഭ പ്രദേശത്തെയും സമീപത്തെ ഏഴു പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ താലൂക്ക് ആശുപത്രിയിൽ ഉടൻ ഫോറൻസിക് സർജനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
എംഎൽഎ ഇടപെടണം: സോഷ്യൽ ഫോറം
കായംകുളം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ ഉടൻ നിയമിക്കണമെന്ന് സോഷ്യൽഫോറം ആവശ്യപ്പെട്ടു. വിഷയത്തിൽ എംഎൽഎ ഇടപെടണമെന്നും ആരോഗ്യവകുപ്പിലും സർക്കാരിനും ബന്ധപ്പെട്ടു ജനങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു.
ഫോറം പ്രസിഡന്റ് ഒ. ഹാരീസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ ചേരാവള്ളി, സജീർ കുന്നുകണ്ടം, എൻ.ആർ. അജയകുമാർ, താഹ വൈദ്യൻവീട്ടിൽ, അനിൽപ്രസാദ്, ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.