ചേർത്തല ഇരുമ്പുപാലം പുനർനിർമാണം: സ്ഥലമെടുപ്പിനുള്ള നടപടികൾ തുടങ്ങി
1465878
Saturday, November 2, 2024 5:30 AM IST
ചേർത്തല: ചേർത്തല നഗരഹൃദയത്തിലെ ഇരുമ്പുപാലം പുനർനിർമിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചു. 20.61 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് പാലം പുനർനിർമിക്കുന്നത്. 7.5 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനായി വകയിരുത്തിയിട്ടുള്ളത്.
25 സ്ഥലമുടമകളിൽനിന്ന് ഇരുകരകളിലുമുള്ള ആറ് അപ്രോച്ച് റോഡുകൾക്കായി ഏതാണ്ട് 47 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് തിരിക്കുന്ന ജോലിയാണ് ആരംഭിച്ചത്. 31.9 മീറ്റർ നീളത്തിലും ഒന്നരമീറ്റർ വീതം ഇരുവശങ്ങളിൽ നടപ്പാതയുൾപ്പെടെ 14 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്.
പുതിയ പാലത്തിന് നിലവിലുള്ളതിനേക്കാൾ 1.2 മീറ്റർ ഉയരം കൂടുതലുണ്ടാവും. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പ്രധാനറോഡിന് 110 മീറ്റർ നീളത്തിലും മറ്റ് നാല് അപ്രോച്ച് റോഡിന് 30 മീറ്റർ നീളത്തിലും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
ഏറ്റെടുക്കേണ്ട സ്ഥലത്തിന് അതിർത്തി തിരിച്ചശേഷം സാമൂഹികാഘാത പഠനം നടക്കും. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കൃഷിമന്ത്രി പി. പ്രസാദിന്റെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് പാലം പുനർനിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. പാലത്തിന്റെ ഉയരം സംബന്ധിച്ച് തർക്കം ഉണ്ടായപ്പോൾ ജലവിഭവവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി ഉയരം മൂന്ന് മീറ്ററാക്കി നിജപ്പെടുന്നതിനും കൃഷി മന്ത്രി നടപടി സ്വീകരിച്ചിരുന്നു.
സെന്റ് മേരീസ് പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇരുമ്പുപാലത്തിന്റെ പണി ആരംഭിക്കുകയും ഏറ്റവും വേഗത്തിൽ പൂർത്തിയാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. നിര്‍മാണത്തിന്റെ ഭാഗമായി ആദ്യ അതിരുകല്ല് സ്ഥാപിക്കല്‍ ചടങ്ങ് ചേർത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേർളി ഭാർഗവൻ നിർവഹിച്ചു.
കൃഷിമന്ത്രിയുടെ അഡീഷണൽ പിഎ എ.ജി. അശോകൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ജോഷി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. സാബു, വാർഡ് കൗൺസിലർ എ. അജി, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ റിജോ തോമസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ അരവിന്ദ്, അസി. എൻജിനീയർ ഷാനിജ എന്നിവർ പങ്കെടുത്തു.