കോട്ടാങ്ങലിലും ആനിക്കാട്ടും കുടിവെള്ളക്ഷാമം
1533763
Monday, March 17, 2025 4:18 AM IST
കോട്ടാങ്ങല്‍: വേനല്‍ രൂക്ഷമായതോടെ കുടിവെള്ളം കോട്ടാങ്ങല്‍ പഞ്ചായത്തിലെ മലയോര മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം.
കടൂര്‍കടവ്, പുല്ലാന്നിപ്പാറ, സുഭാഷ് കോളനി പ്രദേശവാസികള്‍ വെള്ളം കിട്ടാതെ നെട്ടോട്ടത്തിലാണ്. ജലനിധി ഉള്‍പ്പെടെ നിരവധി പദ്ധതികളില്‍പെടുത്തി വീടുകളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലലഭ്യതക്കുറവും ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം വെള്ളത്തിന്റെ വിതരണം ഈ പ്രദേശങ്ങളില്‍ ഒട്ടും തന്നെ നടക്കുന്നില്ലന്ന് പ്രദേശവാസികള്‍ അറിയിച്ചു.
ജല അഥോറിറ്റി മല്ലപ്പള്ളി ഓഫീസില്‍ പരാതിപ്പെടുമ്പോഴൊക്കെ നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നത്, പരാതിപ്പെടാന്‍ ഉദ്യോഗസ്ഥരെ വിളിക്കുമ്പോള്‍ പലപ്പോഴും ഫോണ്‍ കട്ട് ചെയ്യുകയുമാണ് രീതി. പ്രലോഭനങ്ങള്‍ക്കും, കൈക്കൂലിക്കും ഭീഷണികള്‍ക്കും വഴങ്ങി ജലവിതരണത്തില്‍ ക്രമക്കേട് കാണിക്കുന്ന ഓപ്പറേറ്ററുടെ നടപടികള്‍ക്ക് ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുകയാണെന്നും വ്യാപകമായ പരാതിയുണ്ട്.
ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും എല്ലാ പ്രദേശങ്ങള്‍ക്കും നിശ്ചിത സമയക്രമം അനുസരിച്ച് ജലം വിതരണം ചെയ്യുന്നതിന് കഴിഞ്ഞില്ലെങ്കില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വരും. വേനല്‍ കടുക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യും.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലവിതരണത്തിനു പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ല. കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ പ്രദേശവാസികള്‍ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
മല്ലപ്പള്ളി: ആനിക്കാട് കോട്ടാങ്ങല്‍ ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തിയായി. 2015 -16 കാലഘട്ടങ്ങളില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജലസേചന മന്ത്രിയായിരുന്ന പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്ത പദ്ധതി 70 ശതമാനം പൂര്‍ത്തീകരിച്ചിട്ടും കഴിഞ്ഞ ഒമ്പതു വര്‍ഷമായി പദ്ധതി കമ്മീഷന് ചെയ്യുന്നതില്‍ മെല്ലപ്പോക്ക് തുടരുകയാണ്.
ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ പ്രദേശത്തെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതി ഉടന്‍ കമ്മീഷന് ചെയ്യണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് വര്‍ഗീസ് മാമ്മന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ആനിക്കാട് മണ്ഡലം ചെയര്മാന് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കെ ഇ അബ്ദുല്‍ റഹ്മാന്, റെജി തോമസ്, കുഞ്ഞുകോശി പോള, എബി മേക്കരിങ്ങാട്ട്, ലിന്സണ് പാറോലിക്കല്‍, പി. റ്റി. ഏബ്രഹാം, എം. എം. ബഷീര്‍ക്കുട്ടി, കെ. പി. ഫിലിപ്പ്, സൂസന് ഡാനിയേല്‍, ലിയാക്കത്ത് അലിക്കുഞ്ഞ്,
ദേവദാസ് മണ്ണൂരാന്, അബ്ദുള്‍ ശുക്കൂര്‍, കെ. പി. ശെല്വകുമാര്, ലൈലാ അലക്സാണ്ടര്‍, മോളിക്കുട്ടി സിബി,മുഹമ്മദ് സലീല്‍, റ്റി.ജി. മാത്യു, പി.എ. ജോണ്സണ്, ബിജു കുളങ്ങര, ശ്രീലതേഷ് കുമാര്‍, റ്റി.റ്റി. കുഞ്ഞുമോന്, കെ.എസ്. പ്രസാദ്, എം എസ്. ശ്രീദേവി, കെ.എസ്. ബഷീര്‍, കെ. ജി. ശ്രീധരന്, എം. എസ.് ശ്രീദേവി, ഷിന്റാ ഷാജി എന്നിവര്‍ പ്രസംഗിച്ചു.