ലഹരിക്കെതിരേ കര്‍ശന നടപടികള്‍ : രണ്ടര മാസത്തിനുള്ളില്‍ 215 കേസുകള്‍, 229 അറസ്റ്റ്
1533349
Sunday, March 16, 2025 3:38 AM IST
പത്തനംതിട്ട: ലഹരിവസ്തുക്കളുടെ ഒഴുക്കു തടയുന്നതിലേക്ക് പോലീസ് ആരംഭിച്ച കര്‍ശന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 22ന് ആരംഭിച്ച ഡി ഹണ്ട് പരിശോധനയില്‍ 14 വരെ 143 കേസുകളിലായി 147 പേര് പോലീസ് പിടിയിലായി. ഇതില്‍ 123 കേസുകളും കഞ്ചാവ് ബീഡി ഉപയോഗിച്ചതിനാണ്. കഞ്ചാവും എംഡിഎംഎയും വില്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് 20 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട നിയമപ്രകാരം (എന്‍ഡിപിഎസ്) ഈ വര്‍ഷം ഇതേവരെ ജില്ലയില്‍ 215 കേസുകളിലായി 229 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ കഞ്ചാവ് വില്പനയ്ക്കായി കൈവശം സൂക്ഷിച്ചതിന് 33 കേസുകളിലായി 44 പ്രതികളെ പിടികൂടി.
കഞ്ചാവ് ബീഡി വലിച്ചതിന് 179 കേസുകളും ബ്രൗണ്‍ഷുഗര്‍ ഹാഷിഷ് ഓയില്‍ എംഡിഎംഎ എന്നിവ പിടികൂടിയതിന് ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് ഉപയോഗിച്ചതിന് 180 പേരെയും ബ്രൗണ്‍ഷുഗര്‍ ഹാഷിഷ് ഓയില്‍ എംഡിഎംഎ തുടങ്ങി രാസലഹരിയുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
16.364 കിലോഗ്രാം കഞ്ചാവ്
ഈ വര്‍ഷം ഇതേവരെ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 16.364 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഹാഷിഷ് ഓയില്‍ ആറു ഗ്രാം, എംഡിഎംഎ 0.017 ഗ്രാം, ബ്രൗണ്‍ ഷുഗര്‍ 1.01 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത മറ്റ് ലഹരി വസ്തുക്കളുടെ അളവ്.
2024ല്‍ ആകെ 268 കേസുകള്‍
2025 ല്‍ രണ്ടര മാസത്തിനിടെ ജില്ലയില്‍ 215 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, കഴിഞ്ഞവര്‍ഷമാകട്ടെ രജിസ്റ്റര്‍ ചെയ്തത് 268 കേസുകള്‍ മാത്രമാണ്. 20224ല്‍ 301 പേരാണ് പോലീസിന്റെ പിടിയിലായത്. 268 കേസുകളില്‍ കഞ്ചാവ് പിടിച്ചതിന് എടുത്തത് 72 കേസുകള്‍ ആയിരുന്നു, 95 പേരെ അറസ്റ്റ് ചെയ്തു. 48.400 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബ്രൗണ്‍ഷുഗര്‍ പിടിച്ചതിന് ഒരു കേസും എംഡിഎംഎ കണ്ടെത്തിയതിന് അഞ്ചു കേസും കഞ്ചാവ് ബീഡി വലിച്ചതിന് 190 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. എംഡിഎംഎ പിടികൂടിയതിന് എട്ട് അറസ്റ്റും ഉണ്ടായി. 11.950 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കഞ്ചാവ് ബീഡി വലിച്ചതിനെടുത്ത 190 കേസുകളിലായി 197 പേരെ പിടികൂടി.
കഴിഞ്ഞവര്‍ഷം എംഡിഎംഎ പിടികൂടിയത് അടൂര്‍ ഏനാത്ത പന്തളം തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ നിന്നാണ്. ബ്രൗണ്‍ഷുഗര്‍ പിടികൂടിയത് അടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുമായിരുന്നു. ഈ വര്‍ഷം ഹാഷിഷ് ഓയില്‍ പിടിച്ചതിന് കൊടുമണ്‍ പോലീസ് സ്റ്റേഷനിലും, ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയതിന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലുമാണ് ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
നിരീക്ഷണത്തിന് ഡാന്‍സാഫ് സംഘം
നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കെതിരേ ശക്തമായ പരിശോധനയും ജില്ലയില്‍ പോലീസ് നടത്തുന്നുണ്ട്. രഹസ്യവിവരങ്ങള്ക്കനുസരിച്ച് ഡാന്‍സാഫ് സംഘവും പോലീസ് സ്റ്റേഷനുകളും കൃത്യമായി പ്രവര്‍ത്തിച്ചുവരികയാണ്. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ റെയില്‍വേ പോലീസിന്റെ സഹകരണത്തോടെ കൃത്യമായ ഇടവേളകളില്‍ ഡോഗ് സ്ക്വാഡിനെയും മറ്റും ഉപയോഗിച്ച് പരിശോധനകള്‍ പോലീസ് നടത്താറുണ്ട്. പ്രത്യേകദിവസങ്ങളില്‍ റെയ്ഡുകളും നടത്തുന്നു.
രാസലഹരി ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേക റെയ്ഡുകള്‍ ഓപ്പറേഷന് ഡി ഹണ്ട് എന്നപേരില്‍ ജില്ലയില്‍ തുടരുകയാണ്. ഫെബ്രുവരി 22 നാരംഭിച്ച ഈ പ്രത്യേകപരിശോധനകളില്‍ ജില്ലാ ആന്റി നര്‍കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ് ), ലോക്കല്‍ പോലീസ് എന്നിവ ഒരുമിച്ചും അല്ലാതെയും റെയ്ഡുകള്‍ നടത്തി കുറ്റകൃത്യങ്ങള്‍ പിടികൂടുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് സംഘം, ലഹരിവസ്തുക്കളുടെ കടത്തും വില്പനയുമായി ബന്ധപ്പെട്ട കുറ്റവാളികളെ നിരീക്ഷിച്ചു പിടികൂടുന്നതില്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
സ്കൂള്‍, കോളജുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്പിസി ), സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), പിടിഎ തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരി ഉപയോഗത്തിനെതിരേ പ്രത്യേക നിരീക്ഷണം പോലീസ് നടത്തുന്നു. സ്ഥിരമായി ക്ലാസുകളില്‍ കയറാതെ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ട നടപടികള്‍ ചെയ്തുവരുന്നു.
ജില്ലയിലെ 36 സ്കൂളുകളില്‍ എസ്പിസിയും, 284 സ്കൂളുകളില്‍ എസ്പിജിയും പ്രവര്‍ത്തിക്കുന്നു. ലഹരിക്ക് എതിരായ ബോധവത്കരണ ക്ലാസുകള്‍ പോലീസിന്റെ നേതൃത്വത്തില്‍ നിരന്തരം നല്കിവരുന്നു. ലഹരിയുമായി ബന്ധപ്പെട്ടവരുടെ പ്രധാന ഇരകളായി മാറുന്നതില്‍ നിന്നും കുട്ടികളെയും യുവാക്കളെയും രക്ഷിക്കുന്നതിന് ആവശ്യമായ ബോധവത്കരണവും കൗണ്‍സലിംഗും ജില്ലയില്‍ പോലീസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി പറഞ്ഞു.
ലഹരിവസ്തുക്കള്‍ സംബന്ധിച്ച കാര്യങ്ങള്‍ പോലീസിനെ അറിയിക്കാം
പൊതുജനങ്ങള്‍ക്ക് ഏതു സമയവും 112 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഏത് വിവരങ്ങളും കൈമാറുന്നതിന് പോലീസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 99959 66666 എന്ന വാട്സാപ്പ് നമ്പരിലും രഹസ്യവിവരങ്ങള്‍ കൈമാറാം. കൃത്യമായ സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. അറിയിക്കുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
കാപ്പ നിയമപ്രകാരവും നടപടി
കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (കാപ്പ ) പ്രകാരം കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളില്‍ 10 പേര്‍ക്കെതിരേ കഴിഞ്ഞവര്‍ഷം നിയമനടപടി കൈക്കൊണ്ടു. കാപ്പ നിയമത്തിലെ 3, 15 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അവര്‍ക്കെതിരേ നടപടിയെടുത്തത്.
സ്ഥിരമായി കഞ്ചാവ് കടത്തുന്നവരെ ഒരു വര്‍ഷംവരെ ജയിലില്‍ പാര്‍പ്പിക്കാമെന്ന നിയമവ്യവസ്ഥ ( പിറ്റ് എന്‍ഡിപിഎസ് ) അനുസരിച്ച് 2024 ല്‍ ഒരാളെ ജയിലിലില്‍ അടക്കുകയും ചെയ്തു. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.