കുട്ടികൾക്ക് ശിക്ഷണം നൽകുന്നതിൽ തെറ്റു കാണരുത്: ജില്ലാ കളക്ടർ
1533350
Sunday, March 16, 2025 3:38 AM IST
ലഹരിവിരുദ്ധ പരിപാടിയിൽ നാട് ഒന്നിക്കുന്നു
പത്തനംതിട്ട: കുട്ടികളെ വീടുകളിലും വിദ്യാലയങ്ങളിലും ശിക്ഷണം നൽകുന്നതിനെ തെറ്റായി കാണാൻ പാടില്ലെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട നഗരസഭ, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തിൽ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങൾ കുട്ടികളെ മനസിലാക്കിക്കൊടുക്കുക മാത്രമല്ല, അവർ ഇതുപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. കുട്ടിയുടെ ബാഗും മൊബൈൽ ഫോണുമൊക്കെ പരിശോധിക്കുന്നതിൽ അമാന്തിക്കേണ്ടതില്ലെന്നും കളക്ടർ അഭിപ്രായപ്പെട്ടു.
തന്റെ കുട്ടി ഏതു രീതിയിലാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ മനോഭാവങ്ങൾ മാറിവരുന്ന കാലഘട്ടത്തിൽ അവരെ ജാഗ്രതയോടെയും ശിക്ഷണത്തിലും വളർത്താൻ കഴിയുന്നില്ലെങ്കിൽ അതു നമ്മുടെ സമൂഹത്തിന്റെ ഭാവിയെയാണ് ബാധിക്കുന്നത്. ലഹരിക്കെതിരേ സമീപകാലത്തുണ്ടായ മുന്നേറ്റവും ജാഗ്രതയും തുടരണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.
സമ്മേളനം പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ല ബ് ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി ആർ. ബിനു ലഹരിവിരുദ്ധ സന്ദേശം നൽകി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി. റോബർട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പത്തനംതിട്ട നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ജോസ് കളീക്കൽ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവംഗം എ. ഗോകുലേന്ദ്രൻ, പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ, ട്രഷറാർ എസ്. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വി. കോട്ടയം സെന്റ് തോമസ് മലങ്കര കാത്തലിക് യൂത്ത്മൂവ്മെന്റ് പ്രവർത്തകർ തെരുവുനാടകം അവതരിപ്പിച്ചു.