റേഷന്‍ കടകള്‍ പൂട്ടാനുള്ള നിര്‍ദേശം അംഗീകരിക്കരുത്: റേഷന്‍ യൂസേഴ്സ് സൊസൈറ്റി
1533332
Sunday, March 16, 2025 3:26 AM IST
പത്തനംതിട്ട: റേഷന്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി നാലായിരത്തോളം റേഷന്‍ കടകള്‍ അടച്ചുപൂട്ടാന്‍ നല്കിയ ശിപാര്‍ശക്ക് അംഗീകാരം നല്‍കരുതെന്ന് കേരള റേഷന്‍ യൂസേഴ്സ് സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ശിപാര്‍ശ നടപ്പായാല്‍ അതു പൊതുവിതരണ ശൃംഖലയുടെ തകര്‍ച്ചയ്ക്കു വഴിയൊരുക്കും.
1965 ല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സമ്പ്രദായം 2016 നവംബറില്‍ നിര്‍ത്തിയതോടെ റേഷനിംഗ് മേഖല തകര്‍ച്ചയെ അഭിമുഖീകരിച്ചു തുടങ്ങിയതാണ്. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു റേഷന്‍ കട എന്ന നിയമം തന്നെ കാലഹരണപ്പെട്ടതാണ്. തൊഴിലുറപ്പു തൊഴിലാളികള്‍ ഉള്‍പ്പടെ അമ്പതു ലക്ഷത്തിലധികം സാധാരണക്കാരായ ജനങ്ങള്‍ റേഷന്‍ സാധനങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.
കടകള്‍ അടച്ചുപൂട്ടിയാല്‍ കിലോമീറ്ററുകള്‍ നടന്നു വേണം മറ്റൊരു കടയിലെത്താന്‍. ഇതു കാരണം അവരുടെ ഒരു ദിവസത്തെ ജോലിയും വേതനവും നഷ്ടപ്പെടും. എഫ്സിഐ. ഗോഡൗണുകളില്‍നിന്നും നേരിട്ടു റേഷന്‍ കടകളിലേക്കു സാധനങ്ങള്‍ എത്തിക്കണം.
ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വ്യാപാരം കൂടി നടത്താന്‍ റേഷന്‍ വ്യാപാരികള്‍ക്ക് അനുമതി നല്‍കണമെന്നും റേഷന്‍ കടകള്‍ വഴി മറ്റു സബ്സിഡി ഉത്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ. സുസ്ലോവ് അധ്യക്ഷത വഹിച്ചു. അങ്ങാടിക്കല്‍ വിജയകുമാര്‍, എ. രാജു, പി.വൈ. മനോജ് എന്നിവര്‍ പ്രസംഗിച്ചു.