കോലിഞ്ചിക്കു വിലയിടിഞ്ഞു
1533741
Monday, March 17, 2025 3:55 AM IST
പത്തനംതിട്ട: മലയോര ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളിലൊന്നായ കോലിഞ്ചിക്ക് വിലയിടിഞ്ഞു. വിളവെടുപ്പുകാലത്തുണ്ടായ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കി. കാട്ടുമൃഗങ്ങളോടു പടവെട്ടി കഴിയേണ്ടിവരുന്ന കര്‍ഷക കുടുംബങ്ങളുടെ പ്രധാന വരുമാനമാര്‍ഗമാണ് കോലിഞ്ചി കൃഷി.
മുന്‍ വര്‍ഷങ്ങളില്‍ 11 കിലോ ഉണങ്ങിയ കോലിഞ്ചിക്ക് 1500 രൂപയോളം വില ലഭിച്ചപ്പപ്പോള് ഇത്തവണ 900 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദനച്ചെലവും അധ്വാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൃഷി നഷ്ടമാണെന്ന് കര്‍ഷകര്‍ പറയുന്നു. ന്യായമായ വില മുമ്പ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പലരും കോലിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞു.
വന്യമൃഗശല്യം രൂക്ഷമായ കിഴക്കന്‍ മലയോര മേഖലയിലാണ് കോലിഞ്ചി വ്യാപകമായി നട്ടു തുടങ്ങിയത്. കാട്ടുമൃഗങ്ങള്‍ കോലിഞ്ചി കൂടുതലായി നശിപ്പിക്കാറില്ലെന്നതു തന്നെ ഇതിനു കാരണമായി. തൊഴിലാളികളുടെ കൂലി വര്‍ധിച്ചതും വളത്തിനു മറ്റും വിലയേറിയതുമെല്ലാം കൃഷിയെ ബാധിച്ചു. ഇതിനനുസൃതമായ വില ലഭിക്കുന്നില്ല.
കോന്നി താലൂക്കിലെ തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ, ചിറ്റാര്‍, സീതത്തോട്, കൊക്കാത്തോട് തുടങ്ങി മലയോര മേഖലയിലെ നിരവധി കര്‍ഷകരാണ് കോലിഞ്ചി പ്രധാന കൃഷിയായി ചെയ്യുന്നത്. മഴ ആരംഭിച്ച് ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കോലിഞ്ചി കൃഷി ചെയ്യുന്നത്. ഫെബ്രുവരി - മാര്‍ച്ച് ആകുമ്പോഴേക്കും വിളവെടുപ്പു കാലമാണ്. കൃഷി ചെയ്ത് മൂന്നാം വര്‍ഷമാണ് കോലിഞ്ചി വിളവെടുപ്പ് നടത്തുന്നത്.
ഒരു മീറ്റര്‍ അകലത്തില്‍ കുഴി എടുത്താണ് വിത്തുകള്‍ നടുന്നത്. ഏഴ് അടി വരെ ഉയരത്തില്‍ വളരുന്ന കോലിഞ്ചി ഇഞ്ചിയുടെ വര്‍ഗത്തില്‍ പെട്ട ചെടിയാണ്.ഓഷധ നിര്‍മാണത്തിനും സുഗന്ധ ലേപനങ്ങള്‍ തയാറാക്കാനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്.
തൊലി കളഞ്ഞ് ഉണക്കണം
കോലിഞ്ചി കൃഷിക്ക് ചെലവ് കുറവാണെങ്കിലും പാകമായ കോലിഞ്ചി കിളച്ച് ചുരണ്ടി നല്ല വെയിലില്‍ ഉണക്കി പാകപ്പെടുത്തി വില്പനക്ക് എത്തിക്കുമ്പോള്‍ ചെലവ് ഏറെയാണ്.
വേര് ചെത്തിയതിനു ശേഷമാണ് പുറം തൊലി കളയുന്നത്. ഈ പ്രക്രിയക്ക് കോലിഞ്ചി കര്ഷകന് കൂടുതല്‍ തൊഴിലാളികളുടെ സഹായം വേണ്ടിവരും. വേരുകള്‍ ചെത്തി ഒരുക്കി എടുക്കുന്ന കോലിഞ്ചി കുറഞ്ഞത് പത്ത് ദിവസമെങ്കിലും വെയിലില്‍ ഉണക്കി എടുക്കണം.
മലയോര ഗ്രാമങ്ങളില്‍ വന മേഖലയോടു ചേര്‍ന്ന പാറപ്പുറങ്ങളിലും മറ്റുമാണ് കോലിഞ്ചി ഉണക്കാന്‍ ഇടുന്നത്. രൂക്ഷ ഗന്ധമുള്ളതിനാല്കീടങ്ങളുടെയും വന്യ മൃഗങ്ങളുടെയും ആക്രമണവും പേടിക്കേണ്ടതില്ല.
വിലസ്ഥിരതയില്ലായ്മ
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന ഒന്നാണിത് . വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം വിലസ്ഥിരതയില്ല എന്നതാണ്. പ്രധാന വിളയായും ഇടവിളയായും മലയോര മേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ് കൂടിയാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ് ക്കുകയാണ് പതിവ്. ഇടനിലക്കാരെത്തിയാണ് കോലിഞ്ചി വാങ്ങുന്നത്. വില നിയന്ത്രണത്തില്‍ കര്‍ഷകര്‍ക്കു നേരിട്ടു ബന്ധമില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോലിഞ്ചിക്കു വില സ്ഥിരതയുണ്ടെങ്കിലും നാട്ടില്‍ കര്‍ഷകര്‍ക്ക് ഇതു ലഭിക്കാറില്ല.
ഇതിനു പരിഹാരമായി കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. സീതത്തോട് കേന്ദ്രീകരിച്ചായിരുന്നു കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം.
വിലസ്ഥിരത ഉറപ്പാക്കാനും വിപണി കണ്ടെത്താനും സഹായിക്കാന്‍ േണ്ടിയായിരുന്നു ഇത്. എന്നാല്‍ കണ്‍സോര്‍ഷ്യം പ്രവര്‍ത്തനവും മന്ദീഭവിച്ച മട്ടാണ്.