വയലേലകൾ ഉണർന്നു, കാർഷികവിളകളെത്തി : ഓമല്ലൂരിൽ ഇനി വിപണനോത്സവം
1533334
Sunday, March 16, 2025 3:26 AM IST
ഓമല്ലൂർ: തനതു കാർഷിക സംസ്കാരത്തിന്റെ ഉണർത്തുപാട്ടുമായി ഓമല്ലൂർ വയലേലകൾ ഉണർന്നു. പാരന്പര്യത്തനിമയിൽ വയൽവാണിഭത്തിനു തുടക്കം. കാർഷികമേളയുടെ സ്മരണകളുയർത്തി വയലിൽ പേരിനെങ്കിലും ഉരുക്കളെ എത്തിച്ച് വിപണി സജീവമാക്കി.
കാർഷികവിളകൾ കൂടുതലായി എത്തിയതോടെ ഇനി ഒരുമാസത്തോളം ഓമല്ലൂർ വിപണി സജീവമാകും. തെക്കൻ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും കാർഷിക വിളകൾ ഓമല്ലൂരിലേക്ക് എത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് പൊതുവെ ക്ഷാമം ഉള്ളതിനാൽ എത്തിയ സാധനങ്ങൾ പൊടുന്നനെ വില്പന നടക്കുകയാണ്.
ചേന, ചേന്പ്, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിത്തിനങ്ങൾക്കാണ് ഡിമാൻഡ്. ഉത്പാദന മികവുള്ള വിത്തിനങ്ങൾ തേടി നിരവധി കർഷകർ ആദ്യദിനം തന്നെ ഓമല്ലൂരിലെത്തിയിരുന്നു.
ഇന്നലെ രാവിലെ കാർഷിക സെമിനാറോടെയാണ് വയൽവാണിഭം ഔദ്യോഗികമായി ആരംഭിച്ചത്. വയൽവാണിഭത്തിന്റെ പ്രൗഢിയും പെരുമയും വിളിച്ചോതി വൈകുന്നേരം ഘോഷയാത്ര നടന്നു.
പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ കാളകൾ, ചിത്രശലഭ കാഴ്ച, ചെണ്ടമേളം, ഷാജി പാപ്പനും സംഘവും, കുടുംബശ്രീ യൂണിറ്റുകളുടെ കലാപരിപാടികൾ ഒക്കെ ഘോഷയാത്രയ്ക്ക് മികവേകി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബൈജു ഓമല്ലൂർ, സ്മിതാ സുരേഷ്, സുരേഷ് ഓലിത്തുണ്ടിൽ സാലി തോമസ്, ഇ. കെ. ബേബി, വിജയകുമാർ ഐശ്യര്യ, രാജൻ ജോർജ്, ഹാൻലി ജോൺ, എസ്. മനോജ് കുമാർ, സുബിൻ തോമസ്, സജയൻ ഓമല്ലൂർ, ലിജോ ബേബി, എം.ആർ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.