ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍
1533762
Monday, March 17, 2025 4:18 AM IST
പത്തനംതിട്ട: ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ 12, 17,697 രൂപ തട്ടിയ യുവാവിനെ പന്തളം പോലീസ് പിടികൂടി. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂര്‍ വെന്താളംപടി പിലാക്കല്‍ ഹൗസില്‍ ജിന്ഷിദാണ് (21) അറസ്റ്റിലായത്.
ടെലിഗ്രാം ആപ്ലിക്കേഷന്‍വഴി അയച്ചുകൊടുത്ത ലിങ്കിലൂടെ നേഹ എന്ന ടെലിഗ്രാം അക്കൗണ്ടില്‍നിന്നു ബന്ധപ്പെട്ട് മോജ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചശേഷം ക്രിപ്റ്റോ കറന്‍സി ഓണ്‍ലൈന്‍ ട്രേഡിംഗില്‍ ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പന്തളം മങ്ങാരം സ്വദേശിയെയാണ് ഇയാള്‍ കബളിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം നവംബര്‍ ആറിനും 14 നുമിടയിലുള്ള കാലയളവില്‍ ഇദ്ദേഹത്തിന്റെ പന്തളം തോന്നല്ലൂര്‍ എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നും, അടൂര്‍ ഇസാഫ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പല തവണകളായി ഇത്രയും തുക അയച്ചുവാങ്ങിയിട്ട് തിരികെനല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
നവംബര്‍ 27ന് മൊഴിപ്രകാരം വിശ്വാസവഞ്ചനയ്ക്കും ഐടി നിയമപ്രകാരവും പന്തളം പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ജിന്ഷിദിന്റെ വണ്ടൂര്‍ കാനറാ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നവംബര്‍ എട്ടിന് 99,000 രൂപ എത്തുകയും പിന്‍വലിക്കുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എഎസ്ഐ ബി. ഷൈന്‍, എസ്സിപിഒ ശരത് പി. പിള്ള എന്നിവരാണ് പ്രത്യേക സംഘത്തില്‍ ഉണ്ടായിരുന്നത്.